കല്ലാച്ചിയിലെ പൈപ്പ് റോഡ്; ജല അതോറിറ്റിയുടെ അനുമതി വൈകുന്നു

കല്ലാച്ചി: പൈപ്പ് റോഡ് നന്നാക്കാൻ ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ലഭിച്ചിട്ടും പണി തുടങ്ങണമെങ്കിൽ ജല അതോറിറ്റി കൂടി കനിയണമെന്നതിനാൽ പുനരുദ്ധാരണം വൈകുന്നു.

വിഷ്ണുമംഗലം പുഴയിൽനിന്ന് വടകരയ്ക്ക് കുടിവെള്ളം എത്തിക്കുന്നതിന് വർഷങ്ങൾക്ക് മുൻപ് പണിത വീതിയുള്ള ചെമ്മൺപാത കോയിച്ചിപറമ്പ് മുക്ക് മുതൽ കല്ലാച്ചി ടൗൺ വരെയുള്ള ഭാഗം നേരത്തേ ഗതാഗതയോഗ്യമാക്കിയിരുന്നു. പഞ്ചായത്ത് ഫണ്ടാണ് അന്ന് ചെലവഴിച്ചത്.

വടകരയ്ക്കുള്ള ജലവിതരണ കുഴൽ റോഡിനടിയിലുണ്ടെന്നതിനാൽ ഭാരം കയറ്റിയ വാഹനങ്ങൾ പോകരുതെന്ന നിബന്ധനയോടെയാണ് അന്ന് ടാറിങ്ങിന് ജല അതോറിറ്റി അനുമതി നൽകിയത്. ഇപ്പോൾ ഇത് വഴി ബസുകൾ ഉൾപ്പെടെ ഓടുന്നുണ്ട്.

റോഡിൽ പണി നടത്തണമെങ്കിൽ ജല അതോറിറ്റി അനുമതി വേണമെന്ന സാങ്കേതികത്വമാണ് പ്രധാന തടസ്സം. റോഡ് നവീകരണത്തിന് ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിക്കാൻ സന്നദ്ധമാണെന്ന് മെംബർ അഹമദ് പുന്നക്കൽ അറിയിച്ചു. റോഡ് പണി തുടങ്ങുന്നതിന് ജല അതോറിറ്റിയുമായി ബന്ധപ്പെടുന്നുണ്ട്.