അബിത മേരി മാനുവൽ കല്ലാനോട് ഗ്രാമത്തിന്റെ അഭിമാനം

കൂരാച്ചുണ്ട്: റാഞ്ചിയിൽ നടന്ന ദേശീയ ജൂനിയർ അത്‌ലറ്റിക് ചാംപ്യൻഷിപിൽ ഇരട്ടസ്വർണ നേട്ടവുമായി കല്ലാനോടുകാരി അകമ്പടിയിൽ അബിത മേരി മാനുവൽ ഒരു നാടിന്റെ അഭിമാന താരമായി.

അണ്ടർ 20 വിഭാഗത്തിൽ 400, 800 മീറ്ററുകളിലാണ് പി.ടി. ഉഷയുടെ ശിഷ്യയായ ഈ പത്തൊൻപതുകാരി വിജയം നേടിയത്.

ചേളന്നൂർ എസ്എൻ കോളജിൽ രണ്ടാംവർഷ ബികോം വിദ്യാർഥിനിയായ അബിത കഴിഞ്ഞ എട്ട് വർഷത്തോളമായി ഉഷ സ്കൂളിൽ കായിക പരിശീലനത്തിലൂടെയാണ് ട്രാക്കിൽ തനറെ മികവ് തെളിയിക്കുന്നത്.

പതിനൊന്നാം വയസ്സിൽ കായികരംഗത്തിറങ്ങിയ ഈ താരം ദേശീയ റെക്കോർഡുൾപ്പെടെ ഒട്ടേറെ മെഡലുകളാണ് സ്വന്തമാക്കിയത്.

ദേശീയ ജൂനിയർമീറ്റ്, കോമൺവെൽത്ത് യൂത്ത് ഗെയിംസ്, ഏഷ്യൻ ജൂനിയർ മീറ്റ്, ലോക ജൂനിയർ മീറ്റ്, യൂത്ത് നാഷനൽ മീറ്റ്, നാഷനൽ ജൂനിയർ മീറ്റ്, സംസ്ഥാന, നാഷനൽ, സ്കൂൾ മീറ്റ് എന്നിവയിൽ നിരവധി മെഡലുകളാണ് അബിതയെ തേടിയെത്തിയത്.

മികച്ച കായിക പ്രതിഭയാകാൻ കഴിവുളളയാളാണ് അബിതയെന്ന് പരിശീലക പി.ടി. ഉഷ പറയുന്നു. ദേശീയ ബാസ്കറ്റ്ബോൾ താരമായിരുന്ന മാനുവലിന്റെയും, ബീനയുടെയും മകളാണ് അബിത.

ഒളിംപ്യൻ മയൂഖ ജോണിയുടെ ഗ്രാമം കൂടിയായ കല്ലാനോട് നിവാസികൾക്ക് ഇനി ഈ പ്രതിഭയുടെ പേരിൽ കൂടി അഭിമാനിക്കാം.