ഡിവൈഎഫ്‌ഐ 14-ാം സംസ്ഥാന സമ്മേളനം 11മുതല്‍ 14 വരെ കോഴിക്കോട്

കോഴിക്കോട് : ഡിവൈഎഫ്‌ഐ 14-ാം സംസ്ഥാന സമ്മേളനത്തിനായി കോഴിക്കോട് നഗരം ഒരുങ്ങി. 11 മുതല്‍ 14 വരെയാണ് സമ്മേളനം നടക്കുക.ഇതാദ്യമായാണ് കോഴിക്കോട് നഗരം ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്നത്. 11ന് വൈകിട്ട് ആറിന് കോഴിക്കോട് കടപ്പുറത്തെ പൊതുസമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കം.

പ്രതിനിധി സമ്മേളനം 12, 13, 14 തിയ്യതികളില്‍ ടാഗോര്‍ സെന്റിനറി ഹാളില്‍(രക്തസാക്ഷി നഗര്‍) നടക്കും. 12ന് രാവിലെ പത്തിന് പ്രതിനിധി സമ്മേളനം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി സായിനാഥ് ഉദ്ഘാടനം ചെയ്യും. അഞ്ച് ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധികള്‍ ഉള്‍പ്പെടെ 623 പേരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുക.

സമ്മേളനത്തിന് സമാപനത്തിന്റെ ഭാഗമായി 14ന് വൈകിട്ട് നാലിന് കോഴിക്കോട് കടപ്പുറത്ത്(ഫിദല്‍ കാസ്‌ട്രോ നഗര്‍) ഒരു ലക്ഷം പേര്‍ അണിനിരക്കുന്ന യുവജനറാലി നടക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്, ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി എന്നിവര്‍ സംസാരിക്കും.

സമ്മേളനത്തിന്റെ ഭാഗമായി 10ന് വൈകിട്ട് നാലിന് ‘കേരള ബദല്‍ രാഷ്ട്രീയവും സമ്പദ്ശാസ്ത്രവും’ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ നടക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എം പി വീരേന്ദ്രകുമാര്‍ എംപി എന്നിവര്‍ പ്രഭാഷണം നടത്തും.

10ന് പതാക, കൊടിമര, ദീപശിഖാ റാലികള്‍ ആരംഭിക്കും. കൂത്തുപറമ്പ് രക്തസാക്ഷി സ്‌ക്വയറില്‍ നിന്നുള്ള പതാക ജാഥ സംസ്ഥാന ട്രഷറര്‍ പി ബിജുവും ഷിബിന്‍ രക്തസാക്ഷി മണ്ഡപത്തില്‍നിന്നുള്ള ദീപശിഖാ ജാഥ കേന്ദ്ര കമ്മിറ്റിയംഗം വി പി റെജീനയും ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് കൊടിമര ജാഥ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് കെ സജീഷും നയിക്കും. 11ന് വൈകിട്ട് പൊതുസമ്മേളന നഗരിയായ കോഴിക്കോട് കടപ്പുറത്ത് പതാക, കൊടിമര, ദീപശിഖാ ജാഥകള്‍ സംഗമിക്കും. തുടര്‍ന്ന് സ്വാഗതസംഘം ചെയര്‍മാന്‍ പി മോഹനന്‍ പതാക ഉയര്‍ത്തും.

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നിരവധി അനുബന്ധ പരിപാടികള്‍ സംഘടിപ്പിച്ചു. മാനാഞ്ചിറ ഡിടിപിസി മൈതാനത്ത് പുസ്തകോത്സവം നടന്നുവരികയാണ്. കേരളത്തിലെ എല്ലാ പ്രസാധകരുടെയും പുസ്തകങ്ങള്‍ വിലക്കുറവില്‍ മേളയില്‍ ലഭ്യമാണ്. പുസ്തകോത്സവ വേദിയില്‍ 8, 9, 11,12, 13 തിയ്യതികളില്‍ സാംസ്‌കാരിക സായാഹ്നം നടക്കും. 8ന് വൈകിട്ട് എം മുകുന്ദന്‍ സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യും.