വടകരയിൽ മാർക്കറ്റ് കെട്ടിടത്തിൽ മാലിന്യം സൂക്ഷിക്കാൻ അനുമതി തേടുന്നു

വടകര: പണി പൂർത്തിയായിട്ടില്ലാത്ത നാരായണനഗർ മൽസ്യ മാർക്കറ്റ് കെട്ടിടം ഹരിത കർമസേന ശേഖരിക്കുന്ന മാലിന്യം സൂക്ഷിക്കാനുള്ള താൽക്കാലിക കേന്ദ്രമാക്കാൻ നഗരസഭ സർക്കാരിന്റെ അനുമതി തേടുന്നു.

നേരത്തേ ജെടി റോഡിൽ തുടങ്ങാനിരുന്ന കേന്ദ്രം പരിസരവാസികളുടെ എതിർപ്പിനെ തുടർന്ന് ഇങ്ങോട്ട് മാറ്റുകയായിരുന്നു. മൽസ്യ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചു പണിത കെട്ടിടം ഇപ്പോൾ മറ്റാവശ്യത്തിന് ഉപയോഗിക്കുന്നതു കൊണ്ടാണ് അനുമതി വാങ്ങുന്നത്.

മൽസ്യ വകുപ്പിന്റെ ഏഴര ലക്ഷം രൂപ ഉൾപ്പെടെ 29,82,224 രൂപയ്ക്കാണ് നഗരസഭ പത്ത് വർഷം മുൻപ് കെട്ടിടം പണിതത്. പിന്നീട് കെട്ടിടത്തിൽ മാർക്കറ്റ് പ്രവർത്തനം തുടങ്ങാത്തതു കൊണ്ട് നഗരസഭയ്ക്കെതിരെ പ്രതിഷേധമുയർന്നിരുന്നു.

എന്നാൽ വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇവിടെ സൗകര്യങ്ങളൊന്നും ഏർപ്പെടുത്തിയില്ല. പ്രവർത്തനം തുടങ്ങാത്ത കെട്ടിടത്തിന്റെ ബയോഗ്യാസ് പ്ലാന്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നശിച്ചു.

കെട്ടിടത്തോട് ചേർന്നുള്ള ഓവുചാലിലെ മലിനീകരണത്തിനെതിരെ സമരം നടക്കുന്നതും സമീപത്ത് സ്റ്റേഡിയം ഉള്ളതു കൊണ്ടും മാർക്കറ്റ് തുടങ്ങാനാവില്ലെന്നാണ് നഗരസഭ പറയുന്നത്.

നേരത്തേ പണി തുടങ്ങുമ്പോൾത്തന്നെ കായികപ്രേമികൾ ഈ പ്രശ്നം ഉന്നയിച്ചിരുന്നു. ഓഡിറ്റ് റിപ്പോർട്ടിൽ ഉൾപ്പെടെ നിഷ്ക്രിയ ആസ്തിയായി ഉൾപ്പെടുത്തിയ കെട്ടിടം ഇപ്പോൾ മാലിന്യം തരംതിരിക്കൽ കേന്ദ്രമായി ഉപയോഗിക്കുന്നുണ്ട്.

ഇവിടെ സ്ഥലപരിമിതിയുള്ളതു കൊണ്ട് നഗരസഭയുടെ പണി തീരാത്ത ഓഫിസ് കം ഷോപ്പിങ് കോംപ്ലക്സിലാണ് ബാക്കി മാലിന്യങ്ങൾ സൂക്ഷിക്കുന്നത്.