കോട്ടപ്പറമ്പ് – റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ റോഡ് തകര്‍ന്നു; യാത്രക്കാര്‍ദുരിതത്തില്‍

വടകര : കോട്ടപ്പറമ്പ് – റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ റോഡ് തകര്‍ന്നതോടെ വാഹന ഗതാഗതം ദുരിതത്തില്‍. കുലച്ചന്തയിലേക്കും മറ്റുമായി നിരവധി ചരക്കു ലോറികള്‍ ഉള്‍പ്പെടെ കടന്നു പോകുന്ന തിരക്കേറിയ റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ ഗതാഗതകുരുക്കും രൂക്ഷമാണ്.

റോഡിന്റെ പല ഭാഗവും കുഴികളായതിനു പുറമെ അടുത്തുള്ള ഓടയുടെ സ്ലാബുകളും തകര്‍നിലയിലാണ്.സിഎസ്‌ഐ പള്ളിയുടെ വളവിലെ ഇറക്കത്തില്‍ റോഡ് തകര്‍ന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.

പഴയ ബസ് സ്റ്റാന്‍ഡിനടുത്തു നിന്ന് ഡിവൈഎസ്പി ഓഫിസ്, റെയില്‍വേ സ്റ്റേഷന്‍, നഗരസഭാ ഓഫിസ്, ആര്‍എംഎസ് എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങളും ഇതു വഴിയാണ് പോകുന്നത്. കോട്ടപ്പറമ്പ്, കുലച്ചന്ത, പച്ചക്കറി മാര്‍ക്കറ്റ് എന്നിവിടങ്ങളിലേക്ക് ബസ് സ്റ്റാന്‍ഡ് വഴിയെത്തുന്ന ലോറികള്‍ വണ്‍വേ ആയതിനാല്‍ മടങ്ങിപ്പോകുന്നത് ഈ റോഡിലൂടെയാണ്.

നഗരസഭയുടെ കോട്ടപ്പറമ്പ് വികസന പദ്ധതിയുടെ ഭാഗമായി റോഡ് നവീകരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പദ്ധതി വര്‍ഷങ്ങളായി നീളുന്നതിനാല്‍ റോഡ് നവീകരണത്തിന് ഉടന്‍ നടപടി വേണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായി.