സുനിൽ പി ഇളയിടത്തെ വേട്ടയാടി സംഘപരിവാർ; ഓഫീസ് മുറിക്ക് നേരെ ആക്രമണം

കൊച്ചി: എഴുത്തുകാരനും ചിന്തകനുമായ സുനില്‍ പി ഇളയിടത്തിന്റെ കാലടി സംസ്‌കൃത സര്‍വകലാശാലയിലെ മുറിയിൽ സംഘപരിവാര്‍ അക്രമം.

സര്‍വകലാശാലയില്‍ മലയാള വിഭാഗം അസോസിയേറ്റ്‌ പ്രൊഫസറായ അദ്ദേഹത്തിന്റെ മുറിക്ക്‌ മുന്നിലെ സുനില്‍ പി ഇളയിടം എന്ന് പേരെഴുതിയ ബോര്‍ഡ്‌ അക്രമികള്‍ തകര്‍ത്തു. മാത്രമല്ല ചുവരില്‍ കാവിനിറത്തില്‍ അപായ ചിഹ്നങ്ങൾ വരച്ചുവയ്ക്കുകയും ചെയ്തു.

സംഭവത്തില്‍ സര്‍വ്വകലാശാല രജിസ്ട്രാർ പോലീസിൽ പരാതി നല്‍കി.

കഴിഞ്ഞ ദിവസം സുനില്‍ പി ഇളയിടത്തെ കൊല്ലണമെന്ന വധഭീഷണി സംഘപരിവാര്‍ മുഴക്കിയിരുന്നു. അതിനു പിന്നാലെയാണ് പുതിയ അക്രമങ്ങള്‍ നടന്നത്‌.

ശബരിമല സ്‌ത്രീ പ്രവേശന വിധിക്ക്‌ അനുകൂലമായി പ്രസംഗിച്ചതിന്റെ പേരില്‍ ഇളയിടത്തെ കണ്ടാല്‍ കല്ലെറിഞ്ഞ്‌ കൊല്ലണമെന്നാണ്‌ സംഘപരിവാറുകാര്‍ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നത്‌.