ശബരിമല ദർശനത്തെ കുറിച്ച് വ്യാജ വാർത്ത; ജനം ടി.വിക്കെതിരെ പോലീസ് കേസ്

ആലുവ: ശബരിമല ദര്‍ശനത്തിനായി മരുമകള്‍ യാത്ര തിരിച്ചുവെന്ന വ്യാജവാര്‍ത്ത നല്‍കിയെന്നാരോപിച്ച്‌ സി.പി.എമ്മിന്റെ മുന്‍ വനിത നേതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് ജനം ടി.വി ക്കെതിരെ എടത്തല പോലീസ് കേസെടുത്തു.

സി.പി.എം മുന്‍ ആലുവ ഏരിയ കമ്മറ്റിയംഗവും മഹിള അസോസിയേഷന്‍ ഏരിയ സെക്രട്ടറിയുമായിരുന്ന എടത്തല പാലാഞ്ചേരിമുകള്‍ തേജസില്‍ റഹീമിന്റെ ഭാര്യ ശശികലയാണ് പരാതിക്കാരി.

സംഘര്‍ഷം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു എന്ന കുറ്റത്തിന് ഐ.പി.സി 153 പ്രകാരമാണ് കേസെന്ന് ഡിവൈ.എസ്.പി എ.ആര്‍. ജയരാജ് പറഞ്ഞു.

ദര്‍ശനത്തിന് ശേഷം തിരികെയെത്തുന്ന മരുമകളെ സ്വീകരിക്കാന്‍ ശശികല പമ്പയിലേക്ക് തിരിച്ചതായും വാര്‍ത്തയില്‍ ഉണ്ടായിരുന്നു.

ഇതിന് പിന്നാലെ ശശികലക്ക് നേരെ നിരവധി ഭീഷണികള്‍ ഉണ്ടായി. കുടുംബത്തിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് എസ്.ഐ. അരുണ്‍ പറഞ്ഞു.