കൊയിലാണ്ടി നഗര മധ്യത്തിലെ ട്രാൻസ്ഫോർമർ മാറ്റുന്നതിന് നഗരസഭ 4.30 ലക്ഷം അടയ്‌ക്കും

കൊയിലാണ്ടി: നഗരമധ്യത്തിലെ ട്രാൻസ്ഫോർമർ സൗകര്യ പ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനുള്ള നടപടികളായി.

ട്രാൻസ്ഫോർമർ മാറ്റുന്നതിനുള്ള ചെലവിലേക്ക് നഗരസഭ 4.30 ലക്ഷം രൂപ നൽകുമെന്നും നവംബർ 15-ന് ചേരുന്ന കൗൺസിൽയോഗം ഇതിന് അംഗീകാരം നൽകുമെന്നും ചെയർമാൻ കെ. സത്യൻ അറിയിച്ചു. നവംബർ പത്തിനകം ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കാൻ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശിച്ചിരുന്നു.

ട്രാൻസ്ഫോർമർ മാറ്റത്തിനുള്ള ചെലവ് കെ.എസ്.ഇ.ബി.യിൽ നഗരസഭ കെട്ടിവെച്ചാൽ പ്രവൃത്തി ടെൻഡർ ചെയ്യും. ഇതിനിടയിൽ സാങ്കേതികാനുമതികൂടി ലഭിക്കണം. ടെൻഡർ ചെയ്താൽ പതിനഞ്ചു ദിവസം കഴിഞ്ഞ് പ്രവൃത്തി തുടങ്ങാൻ കഴിയുമെന്ന് കെ.എസ്.ഇ.ബി. അധികൃതർ അറിയിച്ചു.

അടിയന്തരപ്രാധാന്യമുള്ള പ്രവൃത്തിയായതിനാൽ വേഗത്തിൽ പണിപൂർത്തിയാക്കും. കൊയിലാണ്ടി ബസ് സ്റ്റാൻഡ്‌ അനക്സ് കെട്ടിടത്തിനുസമീപം സർക്കാരിന്റെ കൈവശമുള്ള സ്ഥലത്താണ് ട്രാൻസ്ഫോർമർ സ്ഥാപിക്കുക.

നഗരപരിഷ്കരണം സംബന്ധിച്ച വിശദമായ പ്രോജക്ട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ സഹകരണത്തോടെ നാറ്റ്പാക് തയ്യാറാക്കുന്നുണ്ട്. കേരളാ റോഡുസുരക്ഷാ അതോറിറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ടി. ഇളങ്കോവന്റെ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നത്.