ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക്‌ പാസ് ഏർപ്പെടുത്തിയ തീരുമാനം ഹൈക്കോടതി അംഗീകരിച്ചു

കൊച്ചി: ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകര്‍ക്ക്‌ പാസ് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി അംഗീകരിച്ചു. മാത്രമല്ല പോലീസ് നടപടി അക്രമങ്ങള്‍ക്കെതിരായ മുന്‍കരുതലെന്നും ഹൈക്കോടതി പറഞ്ഞു. കോടതിയുടെ നിരീക്ഷണത്തെ തുടര്‍ന്ന് പാസിനെതിരായ ഹര്‍ജി പിന്‍വലിച്ചു.

തീരുമാനം യുക്തിസഹമെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് വിലയിരുത്തി. സര്‍ക്കാര്‍ തീരുമാനം അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണെന്ന് നിരീക്ഷിച്ച കോടതി ഇത് ക്രമസമാധാന പാലനത്തിന്റെ ഭാഗമാണെന്നും വിലയിരുത്തി. മൗലികാവകാശത്തില്‍ യുക്തിസഹമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

സര്‍ക്കാര്‍ നല്‍കുന്ന പാസിനെ പ്രവേശന പാസായി കരുതിയാല്‍ മതിയെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.