താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ജീപ്പ് സംരക്ഷണഭിത്തിയിലിടിച്ച് വീട്ടമ്മ മരിച്ചു

താമരശ്ശേരി: മകളുടെ വിവാഹം ക്ഷണിക്കാൻപോയ കുടുംബം സഞ്ചരിച്ച ജീപ്പ് താമരശ്ശേരി ചുരം വ്യൂപോയന്റിൽ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട് സംരക്ഷണഭിത്തിയിൽ ഇടിച്ചു.

അപകടത്തിൽ ഒരാൾ മരിച്ചു. കൂടാതെ ജീപ്പിലുണ്ടായിരുന്ന എട്ടുപേർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വയനാട് പടിഞ്ഞാറത്തറ മഞ്ഞൂറ സ്വദേശി ചാലിൽ അയ്യൂബും (38) കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. അയ്യൂബിന്റെ ഭാര്യ ഹസീനയാണ്(35) മരിച്ചത്.

ഇവരുടെ മകൾ ഹഫ്‌സിനയുടെ വിവാഹം അടുത്തമാസം നടക്കാനിരിക്കയാണ്. വിവാഹം ക്ഷണിക്കാനായി അയ്യൂബിന്റെ പൂനൂരിലെ ബന്ധുവീട്ടിലേക്ക് വരുകയായിരുന്നു കുടുംബം.

ഹഫ്‌സിനയും(18) ഒപ്പമുണ്ടായിരുന്നു. ഇവരുടെ ഇളയമകൻ അജ്‌നാൻ(രണ്ട്), അയ്യൂബിന്റെ സഹോദരങ്ങളായ ആയിഷ (55), റസിയ (42), റസിയയുടെ മകൾ മുഹ്‌സിന (25), അയ്യൂബിന്റെ ജ്യേഷ്ഠന്റെ ഭാര്യ സജ്‌ന (34) എന്നിവരാണ് ജീപ്പിലുണ്ടായിരുന്ന മറ്റുള്ളവർ.

ഇവരെയെല്ലാം പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ബന്ധുവായ പടിഞ്ഞാറത്തറ കാട്ടിയത്ത് നൗഷാദാണ് ജീപ്പ് ഓടിച്ചത്. നൗഷാദിനും പരിക്കുണ്ട്.

വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. ലക്കിടിയിൽ ചുരംറോഡിന്റെ തുടക്കത്തിലെത്തിയപ്പോഴേക്കും ജീപ്പിന്റെ ബ്രേക്ക് നഷ്ടമായെന്ന് പറയുന്നു. തുടർന്ന് വ്യൂപോയന്റിനുതാഴെയായി റോഡിന്റെ സംരക്ഷണഭിത്തിമേൽ ഇടിച്ച് ജീപ്പ് നിൽക്കുകയായിരുന്നു.

സംരക്ഷണഭിത്തിയിൽ തട്ടിനിന്നതിനാൽ ജീപ്പ് താഴെയുള്ള ആഴമേറിയ കൊക്കയിലേക്ക് വീഴാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ടാക്‌സിജീപ്പിന്റെ മുൻവശം പൂർണമായും തകർന്നു. ലക്കിടിയിലെ പോലീസ് എയ്ഡ് പോസ്റ്റിൽനിന്ന്‌ പോലീസ് സ്ഥലത്തെത്തി. ജീപ്പ് അടിവാരം പോലീസ് ഔട്ട്പോസ്റ്റിലേക്കുമാറ്റി.