കുന്ദമംഗലത്ത് ബൈക്കുകൾ കൂട്ടിയിടിച്ച്‌ രണ്ട്‌ യുവാക്കൾ മരിച്ചു

കുന്ദമംഗലം: ദേശീയപാതയിൽ മേലെ പതിമംഗലത്തെ കയറ്റത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ച്‌ രണ്ട്‌ യുവാക്കൾ മരിച്ചു. പാലക്കാട്‌ ചാലിശ്ശേരി തുറക്കൽ സിദ്ദീഖിന്റെ മകൻ റമീസ്‌ (23), കൊപ്പം ആമയൂർ തോട്ടത്തിൽ ഉമ്മറിന്റെ മകൻ മുഹമ്മദ്‌ അമീൻ (22) എന്നിവരാണ്‌ മരിച്ചത്‌.

മലപ്പുറം വെട്ടിച്ചിറ അത്തിയാട്ട്‌ വളപ്പിൽ ജംഷീർ (21)-ന്‌ പരിക്കേറ്റു. ഇയാളെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ്‌ അപകടം.

കൊടുവള്ളി ഭാഗത്തേക്ക്‌ പോവുകയായിരുന്ന ബൈക്ക്‌ കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരേ വന്ന ബുള്ളറ്റിലിടിക്കുകയായിരുന്നു. മറികടന്ന ബൈക്ക്‌ ഓടിച്ചയാൾ മുന്നിൽ ഓടിക്കൊണ്ടിരുന്ന കാറിൽ ഇടിച്ചശേഷം പിന്നിൽവന്ന കാറിനു മുന്നിലേക്ക്‌ തെറിച്ചു വീഴുകയായിരുന്നു.

തലയ്ക്ക്‌ ഗുരുതരപരിക്കേറ്റ ഇയാൾ സംഭവസ്ഥലത്ത്‌ വെച്ച്‌ മരിച്ചു. അപകടത്തിൽ ഇരുബൈക്കുകളുടെയും മുൻവശം പാടെ തകർന്നു. കാറിന്റെ മുൻവശത്തും കേടുപറ്റി. ഒരു മാസം മുമ്പാണ്‌ പതിനൊന്നാം മൈലിൽ സീബ്രാവരയിൽ ബൈക്കിടിച്ച്‌ കാൽനടയാത്രക്കാരൻ മരിച്ചത്‌.

ഞായറാഴ്ച അപകടം നടന്നതിനു 100 മീറ്റർ അകലെയാണ്‌ അന്ന്‌ അപകടമുണ്ടായത്‌. പടനിലം മുതൽ കുന്ദമംഗലം വരെയുള്ള ഭാഗത്ത്‌ ഇറക്കവും കാഴ്ച മറയ്ക്കുന്ന വളവുകളുമാണ്‌ പലപ്പോഴും അപകടങ്ങൾക്കും വഴിവെക്കുന്നത്‌.