കുറ്റ്യാടി മൃഗാശുപത്രി സബ്സെന്റർ കെട്ടിടം കാടുകയറി

കുറ്റ്യാടി: ഊരത്ത് തെന്നാരംപൊയിലിലെ മൃഗാശുപത്രി സബ് സെന്റർ കെട്ടിടം മുഴുവൻ കാടുകയറി.

സ്വകാര്യവ്യക്തി സൗജന്യമായി നൽകിയ സ്ഥലത്തു പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ചാണു കെട്ടിടം നിർമിച്ചത്. ഉദ്ഘാടനം കഴിഞ്ഞിട്ടും സബ് സെന്റർ ഇതുവരെ തുറന്നിട്ടില്ല.

വൈദ്യുതി കണക്‌ഷനുമില്ല. കാടു മൂടിയതോടെ സബ്സെന്റർ കെട്ടിടം സാമൂഹിക വിരുദ്ധരുടെ ഇടമായി.

നിരവധി ക്ഷീരകർഷകരുള്ള ഇവിടെ മൃഗങ്ങൾക്ക് രോഗം വന്നാൽ കിലോമീറ്ററുകൾ അകലെ വടയത്തെ ആശുപത്രിയിൽ എത്തണം.

അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ മൃഗസംരക്ഷണ വകുപ്പുമായി ബന്ധമില്ലാതെയാണു കെട്ടിടം നിർമിച്ചതെന്ന മറുപടിയാണു നാട്ടുകാർക്കു ലഭിച്ചത്.

സാങ്കേതിക പ്രശ്നം പരിഹരിച്ച് സബ് സെന്റർ ‌തുറക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.