ലോറി കടന്നുപോയി നിമിഷങ്ങൾക്കുള്ളിൽ പൊങ്ങിലോടിപ്പാറ – മുക്കത്തുതാഴം ബണ്ട് റോഡ് പാലം തകർന്ന് പുഴയിൽ വീണു

തലക്കുളത്തൂർ: കുറെ കാലമായി അപകടാവസ്ഥയിലുള്ള പൊങ്ങിലോടിപ്പാറ – മുക്കത്തുതാഴം ബണ്ട് റോഡിന്റെ പാലം തകർന്നു.

കഴിഞ്ഞ ദിവസം ഒരു ടിപ്പർ ലോറി കടന്നു പോയ ഉടനെയായിരുന്നു പാലത്തിന്റെ ഒരു ഭാഗം പൂർണമായും തകർന്നു പുഴയിൽ വീണത്. നിമിഷങ്ങൾ വ്യത്യാസത്തിലാണു ലോറി അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്.

പാലത്തിന്റെ അടിഭാഗം കോൺക്രീറ്റ് അടർന്നു കമ്പികളെല്ലാം പുറത്തായി തുരുമ്പെടുത്തു തുടങ്ങിയിട്ടു കാലമേറെയായി.ഈ കാര്യം നാട്ടുകാർ പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുമുണ്ട്.

പാലം പുതുക്കിപ്പണിയാനോ ബലം കൂട്ടാനോ ഒരു നടപടിയിലും ഉണ്ടായില്ല. പാവയിൽ ചീർപ്പ്‌ ഭാഗത്തു നിന്നും കണ്ണങ്കര ഭാഗത്തു നിന്നും മുക്കത്തുതാഴം, വഴി ഓളോപ്പാറ കക്കോടി ഭാഗത്തേക്കു പോകാനും മുക്കത്തുതാഴം ഓളോപ്പാറ ഭാഗത്തു നിന്നു പറമ്പത്ത് അത്തോളി ഭാഗത്തേക്കുമുള്ള വഴിയിലാണു ബണ്ട് റോഡ്.

പാലം തകർന്നതോടെ ഗതാഗതം പൂർണമായും മുടങ്ങി. നേരത്തെ തോണിയിലായിരുന്നു നാട്ടുകാർ ഇരു കരകളിലേക്കും പോയിരുന്നത്.

പിന്നീട് നാടൻ ചങ്ങാടം ഏർപ്പെടുത്തി. ഈ രണ്ടു യാത്രയും മഴക്കാലത്ത് ഏറെ സാഹസികമായിരുന്നു. നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടാണു ബണ്ട് റോഡ് നിർമിച്ചത്.

ആഭ്യന്തര വിനോദ സഞ്ചാര വികസന സാധ്യതയുള്ള സ്ഥലം കൂടിയാണിത്. പ്രദേശത്തു നടത്തുന്ന പാവയിൽ ഫെസ്റ്റ് മറ്റു പ്രദേശത്തുകാരെ ഏറെ ആകർഷിച്ചതാണ്.

പാലം തകർന്നു വാഹന ഗതാഗതം മുടങ്ങിയതു ഇതിനെയെല്ലാം പ്രതികൂലമായി ബാധിക്കും. പാലത്തിന്റെ അവശേഷിക്കുന്ന ഭാഗവും തകരാൻ സാധ്യതയുണ്ട്.

അതിനാൽ ഉടനെ പാലം മുഴുവനായും പുതുക്കി നിർമ്മിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടു.