പൈപ്പ് പൊട്ടി പുതുപ്പണം മേഖലയിൽ ഒരാഴ്ചയായി കുടിവെള്ളം മുടങ്ങി

വടകര: ദേശീയപാതയിൽ പാലോളിപ്പാലത്തിനടുത്ത് ജല അതോറിറ്റിയുടെ പ്രധാന വിതരണ പൈപ്പ് പൊട്ടി ആയിരത്തിലധികം വീടുകളി‍ൽ ഒരാഴ്ചയിലധികമായി കുടിവെള്ളമില്ല.

പുതുപ്പണം, അരവിന്ദഘോഷ് റോഡ്, തുരത്തി, മൂരാട്, മിഷൻ കോംപൗണ്ട്, കറുകയിൽ, ഹശ്മി നഗർ എന്നിവിടങ്ങളിലാണ് ജല വിതരണം മുടങ്ങിയത്.

പാലോളിപ്പാലത്തിനടുത്ത് നടപ്പാലത്തോടു ചേർന്നുണ്ടായ വലിയ പൊട്ടലാണ് പ്രശ്നം. ഇവിടെ റെയിൽവേ പാലത്തിലെ പണിമൂലം തോട്ടിൽ തടസ്സമുണ്ടാക്കിയിട്ടുണ്ട്.

നടപ്പാലത്തിന്റെ ഒരു ഭാഗം കുഴിയോടു ചേർന്നു കിടക്കുന്നതുകൊണ്ട് ഇവിടെ തകരാതെ അറ്റകുറ്റപ്പണി നടത്തണം. ഇതുമൂലം പെട്ടെന്നു പണി പൂർത്തിയാക്കാനാവില്ലെന്നാണു ജല അതോറിറ്റി അധികൃതർ പറയുന്നത്.

വിതരണ മുടക്കമുണ്ടായ പ്രദേശങ്ങളിൽ ചിലത് ഉപ്പുവെള്ളം മാത്രം കിട്ടുന്ന സ്ഥലങ്ങളാണ്. ഇവിടങ്ങളിൽ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്നവരാണ് ഏറെ ദുരിതത്തിലായത്. ഉയർന്ന പ്രദേശങ്ങളിൽ കിണറുകളില്ലാത്തവരും കഷ്ടത്തിലായി.