വടകര-പയ്യോളി-പേരാമ്പ്ര റൂട്ടിലെ ബസ് സമരം രണ്ടാഴ്ച പിന്നിടുമ്പോഴും ഒത്തുതീർപ്പിന് വഴിയായില്ല

വടകര: ടൗണിലെ ട്രാഫിക് പരിഷ്കരണത്തിൽ പ്രതിഷേധിച്ച് വടകര-പയ്യോളി-പേരാമ്പ്ര റൂട്ടിലെ സ്വകാര്യ ബസുകൾ നടത്തുന്ന സമരം രണ്ടാഴ്ച പിന്നിടുന്നു. അതെ സമയം ഇപ്പോൾ സമരം ഒത്തുതീർക്കുന്നതിനുള്ള സാധ്യതകളും അടഞ്ഞു.

കൊയിലാണ്ടി റൂട്ടിലെ ബസുകളും ലിങ്ക് റോഡ് വഴി ഓടിയാൽ സമരം പിൻവലിക്കാമെന്ന നിർദേശം ഉയർന്നിരുന്നു. ഇതേക്കുറിച്ച് ആലോചിക്കാൻ കഴിഞ്ഞദിവസം കൊയിലാണ്ടി റൂട്ടിലെ ബസുടമകൾ യോഗം ചേർന്നെങ്കിലും ലിങ്ക് റോഡ് വഴി ഓടാൻ കഴിയില്ലെന്നാണ് തീരുമാനം.

ഇക്കാര്യം ട്രാഫിക് പോലീസിനെ ഉൾപ്പെടെ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച വടകര ആർ.ഡി.ഒ.യെയും അറിയിക്കും. ഈ ആവശ്യം അംഗീകരിച്ചിരുന്നെങ്കിൽ സമരം തീരാനുള്ള വഴിതുറക്കുമായിരുന്നു.

എന്നാൽ, ഈ വഴി അടഞ്ഞതോടെ ഇനിയുള്ള പ്രതീക്ഷ ബുധനാഴ്ചത്തെ ട്രാഫിക് ഉപദേശകസമിതി യോഗത്തിലാണ്.

പേരാമ്പ്ര-പയ്യോളി-വടകര റൂട്ടിലെ ബസുകൾ ലിങ്ക് റോഡ് വഴി സർവീസ് നടത്തണമെന്നതുൾപ്പെടെയുള്ള പരിഷ്‌കരണ തീരുമാനമെടുത്തത് ഈ സമിതിയാണ്. ഇത് പിൻവലിക്കണമോ തുടരണമോ എന്ന തീരുമാനമെടുക്കേണ്ടതും സമിതിയാണ്.

ബസ് സമരത്തിന്റെ പശ്ചാത്തലത്തിൽ തീരുമാനം പിൻവലിക്കുമോ എന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ലിങ്ക് റോഡ് വഴി ബസ് സർവീസ് തുടങ്ങാൻ തീരുമാനിച്ചപ്പോൾത്തന്നെ ഇത് പരീക്ഷണാടിസ്ഥാനത്തിലാണെന്ന് പ്രഖ്യാപിച്ചിരുന്നു. വിജയിച്ചില്ലെങ്കിൽ മാറ്റാനായിരുന്നു തീരുമാനം.

എന്നാൽ, ഒരുദിവസംപോലും ഇതുവഴി ബസ് സർവീസ് നടത്താതെ പരിഷ്‌കാരം വിജയമാണോ പരാജയമാണോ എന്ന് പറയാൻ കഴിയാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ എങ്ങനെ പരിഷ്‌കാരം പിൻവലിക്കും എന്ന ചോദ്യമുയരുന്നുണ്ട്.

പതിമൂന്ന് ദിവസമായി പയ്യോളി-പേരാമ്പ്ര റൂട്ടിലെ ജനം നേരിടുന്ന യാത്രാദുരിതത്തിന് അധികൃതർ ഒരു വിലയും കൽപ്പിച്ചില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. സമരം ഇത്രത്തോളം നീളുന്നതിന് കാരണമായതും ഇതാണെന്ന് യാത്രക്കാർ കുറ്റപ്പെടുത്തുന്നു.

അടിയന്തരമായി ചേരേണ്ട ട്രാഫിക് ഉപദേശകസമിതി യോഗം വീണ്ടും വൈകിച്ചതും വിമർശത്തിന് കാരണമാവുന്നു.