നാടിന് ഉപകാരപ്പെടാതെ കിടഞ്ഞിക്കുന്ന് കമ്യൂണിറ്റിഹാൾ നശിക്കുന്നു

തിക്കോടി: ഗ്രാമപ്പഞ്ചായത്ത് ഏഴാംവാർഡിലെ കിടഞ്ഞിക്കുന്ന് കമ്യൂണിറ്റിഹാൾ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാകുന്നു.

മുഴുവൻ സൗകര്യങ്ങളോടുംകൂടി പണിത ഈ ഇരു നിലക്കെട്ടിടം അടച്ചിട്ടിരിക്കുന്നതിനാൽ നശിച്ചുകൊണ്ടിരിക്കുകയാണ്.

പ്രധാന ഗേറ്റ് പൊളിഞ്ഞുകിടക്കുകയാണ്. കെട്ടിടത്തിന് ചുറ്റും മദ്യക്കുപ്പികളും പ്ലാസ്റ്റിക് കുപ്പികളും നിറഞ്ഞിരിക്കുന്നു.

ഈ കാര്യങ്ങൾ പലതവണ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

2007-ൽ അന്നത്തെ കൃഷിവകുപ്പ് മന്ത്രി മുല്ലക്കര രത്നാകരനാണ് കെട്ടിടം ഉദ്‌ഘാടനം ചെയ്തത്. ഇതിനുള്ളിൽ അലമാരകൾ, മേശ, കസേര ഇവയെല്ലാമുണ്ട്.

പത്രങ്ങളും മറ്റ് പ്രസിദ്ധീകരണങ്ങളും വരുത്തി നാടിനു വെളിച്ചമാകേണ്ട ഒരുസ്ഥാപനമാണ് ഇങ്ങനെ നശിച്ചുകൊണ്ടിരിക്കുന്നത്.

അതെ സമയം ആദ്യകാലത്ത് ഏഴ് പത്രങ്ങൾ ഇവിടെ വരുത്തിയിരുന്നെന്നും ഇതെല്ലാം നശിപ്പിക്കുന്നത് പതിവായതോടെ നിർത്തിയതാണെന്നും കാര്യങ്ങൾ നടത്താൻ ഒരാളെ നിയമിക്കാനും ജനകീയ കമ്മിറ്റിയുണ്ടാക്കാനും ശ്രമിക്കുന്നതായും വാർഡ് അംഗം സി. ഹനീഫ പറഞ്ഞു.