ഹർത്താലിനിടെ മിഠായി തെരുവില്‍ അക്രമം; ശബരിമല കര്‍മ സമിതി പ്രധാന നേതാക്കളുൾപ്പെട്ട ലുക്കൗട്ട് നോട്ടീസ് പുറത്ത്

കോഴിക്കോട്: ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ ശബരിമല കര്‍മ സമിതി ആഹ്വാനം ചെയ്‌ത ഹർത്താലിൽ കോഴിക്കോട് മിഠായിത്തെരുവില്‍ അക്രമമുണ്ടാക്കിയവരെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ശബരിമല കര്‍മ സമിതിയുടെ പ്രധാന നേതാക്കള്‍ ഉള്‍പ്പെടെ പതിനൊന്ന് പേര്‍ക്കെതിരെയാണ് നോട്ടീസ്. ഹര്‍ത്താല്‍ ദിനത്തിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ 31 പേരെ പോലീസ് പിടികൂടിയിട്ടുണ്ട്.

എന്നാല്‍ സംഭവ ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് കൂടുതല്‍ പ്രതികളുണ്ടെന്ന് കണ്ടെത്തുകയും ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുകയുമായിരുന്നു. പോലീസ് ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളും പ്രതികളെ കണ്ടെത്താന്‍ സഹായിച്ചു.

പ്രതികളെക്കുറിച്ച്‌ വിവരം ലഭിക്കുന്നവര്‍ കസബ എസ്.ഐയെയും, സൈബര്‍ സെല്ലിനെയും അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.

അതേസമയം,​ ഹര്‍ത്താലില്‍ തൃശൂര്‍ മൂന്നുപീടികയില്‍ കെ.എസ്.ആര്‍.ടി.സി ബസിന് കല്ലെറിഞ്ഞ കേസില്‍ പതിനൊന്ന് ബി.ജെ.പി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

പെരിഞ്ഞനം കൊറ്റംകുളം സ്വദേശി കാരണത്ത് ഷണ്‍മുഖന്‍ (50), പൊന്മാനിക്കുടം മലയാറ്റില്‍ ജിഷാന്ദ് (33), ആറാട്ട്കടവ് കിഴക്കേടത്ത് മുരളി (47), കൂളിമുട്ടം ഊമന്‍തറ പോപ്പട്ടറാവു ശിവരാജ് പാട്ടീല്‍ (46), കയ്പ്പമംഗലം ബീച്ച്‌ വലിയപറമ്ബില്‍ മഹേഷ് (40),

കയ്പ്പമംഗലം ചക്കന്‍ചാത്ത് സന്ദീപ് (19), കയ്പ്പമംഗലം പുന്നക്കച്ചാല്‍ കൊപ്രവീട്ടില്‍ സത്യാനന്ദന്‍ (45), കയ്പ്പമംഗലം ഡോക്ടര്‍പടി അരയങ്ങാട്ടില്‍ സതീശന്‍ (57), കയ്പ്പമംഗലം അകംപാടം തറയില്‍ സുജീഷ് (25), ഗ്രാമലക്ഷ്മി ചെമ്മാപ്പിള്ളി സുബീന്‍ (32), മാടാനിക്കുളം അന്തിക്കാട്ട് വീട്ടില്‍ സുന്ദരന്‍ (45) എന്നിവരെയാണ് കയ്പ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് ശേഷം തീരദേശത്ത് ബി.ജെ.പിയുടെ നേതൃത്വത്തില്‍ അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തിയിരുന്നു.

ഇതിന്റെ ഭാഗമായി വൈകീട്ട് ഏഴോടെ ദേശീയപാതയിലൂടെ നടത്തിയ പ്രകടനത്തിനിടെയാണ് കെ.എസ്.ആര്‍.ടി.സി. ബസിന് നേരെ കല്ലേറുണ്ടായത്. പറവൂര്‍ ഡിപ്പോയിലെ ബസിനാണ് കല്ലേറ് കൊണ്ടത്. കല്ലേറില്‍ ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നിരുന്നു.

ഓട്ടം നിറുത്തിയ ശേഷം ജീവനക്കാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. കയ്പ്പമംഗലം അഡീഷണല്‍ എസ്.ഐ. വി.വി. തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ എല്ലാ പ്രതികളെയും റിമാന്‍ഡ് ചെയ്തു.