കക്കാടംപൊയിലിൽ ആദിവാസി സ്ത്രീയുടെ മരണം കൊലപാതകം; പ്രതി അറസ്റ്റിൽ

തിരുവമ്പാടി: കൂടരഞ്ഞി കക്കാടംപൊയിലിലെ ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.

ഈ മാസം എട്ടിനാണ് താഴെ കക്കാട് കോളനിയിലെ കരിങ്ങാത്തൊടി രാധിക(39) നെ അകമ്പുഴയിലെ കൃഷിയിടത്തിൽ ഷോക്കേറ്റുമരിച്ച നിലയിൽ കണ്ടത്. പ്രതി കൂമ്പാറ ചക്കാലപ്പറമ്പിൽ ഷെരീഫിനെ(48) തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു.

രാധികയെ ഷെരീഫ് വൈദ്യുതാഘാതമേല്പിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പലയിടത്തും പാട്ടത്തിന് സ്ഥലമെടുത്ത് വാഴക്കൃഷി നടത്തുന്നയാളാണ് ഷെരീഫ്. എട്ടുവർഷമായി ഇയാളുടെ സഹായിയായിരുന്നു രാധിക.

ഇരുവരും ചേർന്നാണ് അകമ്പുഴയിൽ കൃഷി നടത്തുന്നത്. സാമ്പത്തികത്തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇരുവരും കൃഷിയിടത്തിലെ ഷെഡ്ഡിലിരുന്ന് മദ്യപിച്ചു. ഷെരീഫ് നൽകാനുള്ള പണത്തിന്റെയും ആഭരണങ്ങളുടെയും കാര്യം പറഞ്ഞ് പിന്നീട് ഇവർ തമ്മിൽ വഴക്കും അടിപിടിയുമുണ്ടായി.

ഇതിനിടയിൽ പുറത്തേക്കുപോയ ഷെരീഫ് തിരിച്ചെത്തിയപ്പോൾ രാധിക ബോധം മറഞ്ഞ നിലയിലായിരുന്നു. ഈ സമയം രാധികയുടെ കൈവിരലിൽ കമ്പി കുടുക്കി ഷോക്കടിപ്പിക്കുകയായിരുന്നു.

കൃഷിയിടത്തിൽ വെള്ളം പമ്പുചെയ്യാൻ നാല് മോട്ടോറുകൾ ഇവിടെയുണ്ട്. വൈദ്യുതലൈനിൽനിന്ന് അനധികൃതമായി വയർ വലിച്ചാണ് ഇവ പ്രവൃത്തിപ്പിച്ചിരുന്നത്. ഇത്തരമൊരു വയർ ഉപയോഗിച്ചാണ് ഷോക്കടിപ്പിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

രാധികയുടെ മരണം ഉറപ്പാക്കിയ ശേഷം ഇയാൾ വയറുകളും കമ്പിയുമെല്ലാം ഇവിടെനിന്ന് മാറ്റി. പിന്നീട് നാട്ടുകാരെ വിളിച്ചുകൂട്ടി മോട്ടോർ ഓൺ ചെയ്യുന്നതിനിടയിൽ രാധികയ്ക്ക് ഷോക്കടിച്ചതായി ധരിപ്പിച്ചു.

ഇവരോടൊപ്പം ആശുപത്രിയിലേക്കും ഇയാൾ പോയി. മൃതദേഹ പരിശോധനയിൽ ശരീരത്തിൽ കണ്ട മർദനത്തിന്റെ പാടുകളാണ് അപകടമരണമല്ലെന്ന സംശയമുണ്ടാക്കിയത്. കെ.എസ്.ഇ.ബി. അധികൃതർ സ്ഥലത്തുനടത്തിയ പരിശോധനയും നിർണായകമായി.

ഷെരീഫിന്റെ മൊഴികളിലുള്ള വൈരുധ്യവും പോലീസിന് സംശയമുണ്ടാക്കിയിരുന്നു. വിശദമായ ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. കോഴിക്കോട് സെഷൻസ് കോടതിയിൽ ഹാജരാക്കിയ ഷെരീഫിനെ റിമാൻഡ് ചെയ്തു.

താമരശ്ശേരി ഡിവൈ.എസ്.പി. പി. ബിജുരാജ്, തിരുവമ്പാടി എസ്.ഐ. എം. സനൽരാജ്, എസ്.ഐ. സദാനന്ദൻ, എ.എസ്.ഐ.മാരായ സൂരജ്, മനോജ്, സി.പി.ഒ.മാരായ പ്രജീഷ്, രാംജിത്ത്, സപ്നേഷ്, ജിനേഷ് കുര്യൻ, ഷിജു, ബോബി, സ്വപ്ന, ഡിവൈ.എസ്.പി.യുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ രാജീവ് ബാബു, ഷിബിൽ ജോസഫ്, ഷെഫീഖ് നീലിയാനിക്കൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.