വടകരയിൽ പൈപ്പ് പൊട്ടിയാൽ വെള്ളവും ഒപ്പം റോഡും പോവും

വടകര: നഗരസഭാ പ്രദേശത്തെ മിക്ക പൈപ്പ് ലൈനുകളും കടന്നുപോകുന്നത് റോഡിനടിയിലൂടെയായത് കൊണ്ട് തന്നെ പൈപ്പ് പൊട്ടിയാൽ വെള്ളം പാഴാകുന്നതിനു പുറമേ റോഡുകളും തകരാറിലാവുന്നു.

റോഡ് കുഴിച്ച് പൈപ്പ് മാറ്റിയിടുന്ന ജല അതോറിറ്റി അധികൃതർ, കുഴിയുണ്ടാക്കിയ ഭാഗം ശരിയാക്കാതെയോ മുകളിൽ മൺകൂനയാക്കിയോ സ്ഥലം വിടുന്നതുകൊണ്ടു വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവ് സംഭവമാണ്.

റോഡ് വീതി കൂട്ടുമ്പോൾ വൈദ്യുതി–ടെലിഫോൺ അധികൃതർ സംയുക്തമായി പോസ്റ്റുകൾ മാറ്റുന്നതിനു ചുക്കാൻ പിടിക്കുന്ന പൊതുമരാമത്ത്–നഗരസഭാ അധികൃതർ ജല അതോറിറ്റിയെ ഒഴിവാക്കുന്നതുകൊണ്ടാണ് ഈ അവസ്ഥ.

നഗരസഭാ പ്രദേശത്തു പലയിടത്തും റോഡിനടിയിലെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്. മിക്ക വാർഡിലും അറ്റകുറ്റപ്പണി നടക്കുന്നില്ല. 1976ൽ ഇട്ട ഇരുമ്പ് പൈപ്പുകളാണ് പലയിടത്തും ഇപ്പോഴുമുള്ളത്.

പതിവായി പൈപ്പ് തകർന്നിട്ടും മാറ്റിയിടുന്നില്ല. ചിലയിടത്ത് ഇടക്കാലത്ത് പൈപ്പ് മാറ്റിയെങ്കിലും അനുബന്ധമായി പഴയ പൈപ്പുകൾ തന്നെയായതു കൊണ്ട് പ്രയോജനവുമില്ല. പൈപ്പ് പൊട്ടുന്ന സ്ഥലങ്ങളിൽ, പുതിയതു മാറ്റുമ്പോഴും പഴയ ഭാഗം തുരുമ്പെടുത്തതാകും.

റോഡ് വികസന പദ്ധതിയിൽ പൈപ്പ് മാറ്റിയിടുന്നതിന് എസ്റ്റിമേറ്റ് ഉണ്ടാക്കേണ്ടതുണ്ട്. എന്നാൽ, നഗരസഭാ പ്രദേശത്തെ പല റോഡും പൈപ്പ് മാറ്റാതെയാണ് വികസിപ്പിച്ചത്.

സ്വകാര്യ കേബിൾ കമ്പനിക്കാരും പലപ്പോഴും റോഡരികിലെ പൈപ്പ് പൊട്ടിച്ചു പോവാറുണ്ട്. മിക്ക വാർഡിലും റോഡിലും സമീപത്തും പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നത് തുടരുകയാണ്.

വിതരണത്തിൽ നിയന്ത്രണമുള്ളതുകൊണ്ട് എപ്പോഴും വെള്ളമൊഴുക്കില്ല. വൻ തോതിൽ വെള്ളം പാഴായിട്ടും മൊത്തം പൈപ്പ് മാറ്റാൻ നടപടിയില്ലാത്തതിൽ പ്രതിഷേധമുണ്ട്.

വടകര ജല അതോറിറ്റി ഡിവിഷനിൽ പൊട്ടിയ പൈപ്പ് മാറ്റുന്നതു കരാറെടുക്കുന്നവർക്ക് 14 മാസത്തെ പ്രതിഫലമായി നൽകാനുള്ള ഒരു കോടിയിൽ അധികം രൂപ കുടിശികയാണ്.

കഴിഞ്ഞ ഡിസംബറിൽ കുറച്ചുതുക നൽകുമെന്ന വാഗ്ദാനം പാഴായി. ഇനിയും വൈകിയാൽ കരാറുകാർ വീണ്ടും സമരത്തിനിറങ്ങുമെന്നാണ് പറയുന്നത്.