കോഴിക്കോട് ബീച്ച് ആശുപത്രിയിൽ സ്ത്രീകൾക്ക് വസ്ത്രം മാറാൻ പ്രത്യേക മുറി

കോഴിക്കോട്: ബീച്ച് ആശുപത്രി ശസ്ത്രക്രിയ തിയറ്ററിനോടു ചേർന്ന് ജീവനക്കാർ വസ്ത്രം മാറുന്ന രണ്ട്മുറികൾ കാറ്റഗറി നോക്കാതെ പുരുഷൻമാർക്കും സ്ത്രീ ജീവനക്കാർക്കും പ്രത്യേകമാക്കി മാറ്റി.

ഒരു മുറി ഡോക്ടർമാരും ഉപയോഗിക്കും. നേരത്തെ സ്റ്റാഫ് നഴ്സുമാർക്ക് ഒരു മുറിയും മറ്റു ജീവനക്കാർക്ക് മറ്റൊരു മുറിയും ഡോക്ടർമാർക്ക് ഒരു മുറിയും എന്ന തരത്തിലാണ് തിയറ്റർ ജോലിക്കാർ ഉപയോഗിച്ചിരുന്നത്.

എന്നാൽ ശസ്ത്രക്രിയ തിയറ്ററിനോടു ചേർന്ന് ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറയായി മൊബൈൽ ഫോൺ വച്ചെന്ന പരാതിയെ തുടർന്ന് ആശുപത്രി അധികൃതർ ഫോൺ കണ്ടെടുത്തിരുന്നു.

ജീവനക്കാരൻ വസ്ത്രം മാറി തിയറ്ററിലേക്കു പോയ ശേഷം വന്ന ജീവനക്കാരിയാണ് ജീവനക്കാരൻ മാറ്റിയിട്ട പാന്റ്‌സിന്റെ പോക്കറ്റിൽ വീഡിയോ പ്രവർത്തിക്കുന്ന നിലയിൽ മൊബൈൽ ഫോൺ കണ്ടത്. ഇത്തരമൊരു സംഭവം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേകമായി വസ്ത്രം മാറുന്ന മുറി അനുവദിക്കാൻ തീരുമാനിച്ചത്.

അതെ സമയം ബീച്ച് ആശുപത്രിയിൽ ശസ്ത്രക്രിയ തിയറ്ററിനോടു ചേർ‌ന്ന് ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറയായി മൊബൈൽ ഫോൺ വച്ച സംഭവത്തിൽ പരാതി ലഭിച്ചാൽ വകുപ്പു തല അന്വേഷണം നടത്തുമെന്ന് ഡിഎംഒ ഡോ. വി.ജയശ്രീ പറഞ്ഞു.

പിടികൂടിയ മൊബൈൽ ഫോണും പരാതിയും ആശുപത്രി സൂപ്രണ്ട് വെള്ളയിൽ‌ പോലീസിന് കൈമാറിയിട്ടുണ്ട്. ഇതു സംബന്ധിച്ച റിപ്പോർട്ട് ഡിഎംഒ ഓഫിസിലേക്ക് നൽകിയിട്ടുണ്ട്. എന്നാൽ‌ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ഡിഎംഒ വിശദീകരിച്ചു.