വെള്ളമില്ല; മുക്കം സപ്ലൈകോയിലെ വനിതാ ജീവനക്കാർ ദുരിതത്തിൽ

മുക്കം: പ്രാഥമിക ആവശ്യങ്ങൾക്കുപോലും വെള്ളമില്ലാതായതോടെ മുക്കം സപ്ലൈകോയിലെ വനിതാജീവനക്കാർ ദുരിതത്തിൽ.

സപ്ലൈക്കോ മെഡിക്കൽ ഷോപ്പ്, സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലായി 12 ജീവനക്കാരാണുള്ളത്. ഇതിൽ 10 പേരും വനിതകളാണ്.

കഴിഞ്ഞ ശനിയാഴ്ചയാണ് സപ്ലൈക്കോയിലേക്കുള്ള വെള്ളം മുടങ്ങിയത്. കെട്ടിടത്തിലെ പമ്പ് സെറ്റ് കേടുവരികയും 7000 രൂപ നൽകി അത് പ്രവർത്തനസജ്ജമാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിന്റെ പകുതി തുകയായ 3500 രൂപ സപ്ലൈക്കോ നൽകണമെന്ന് അറിയിക്കുകയായിരുന്നു.

എന്നാൽ, സർക്കാർ സ്ഥാപനമായതിനാൽ ജീവനക്കാർക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അറിയിച്ചപ്പോൾ ഇവിടേക്കുള്ള വെള്ളം കണക്‌ഷൻ വിച്ഛേദിക്കുകയും ചെയ്തു. വനിതാ ജീവനക്കാരാണ് ഇതോടെ ഏറ്റവുമധികം ദുരിതത്തിലായത്.

പ്രാഥമിക കൃത്യങ്ങൾക്കായി അയൽവീടുകളും കടകളും അന്വേഷിക്കേണ്ട ഗതികേടിലാണിവർ. പായ്ക്കിങ്‌ ജോലിക്കും മറ്റുമായി രാവിലെ ഒമ്പതുമണിക്കെത്തുന്ന വനിതാ ജീവനക്കാർ വൈകീട്ട് ആറു മണിയോടെയാണ് തിരിച്ചുപോവുന്നത്.

നേരത്തേ കെട്ടിടത്തിന്റെ മുൻവശത്തെ കടയിൽ പ്രവർത്തിച്ചിരുന്ന സപ്ലൈക്കോ മെഡിക്കൽ ഷോപ്പ് ആരുടെയും ശ്രദ്ധയെത്താത്ത ഭാഗത്തേക്ക് മാറ്റിയതിനെത്തുടർന്ന് കച്ചവടത്തിൽ വലിയ കുറവുണ്ടായിരുന്നു.

ഇതിൽനിന്നു മോചനം നേടി വരുന്നതിനിടെയാണ് ജീവനക്കാരെ ദുരിതത്തിലാക്കി വാട്ടർ കണക്‌ഷൻ വിച്ഛേദിച്ചത്. സംഭവത്തിന് പരിഹാരമാവശ്യപ്പെട്ട് നഗരസഭാ ചെയർമാനെ ജീവനക്കാർ സമീപിച്ചെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.