പയ്യോളിയില്‍ വീടിന് നേരെ ബോംബേറ്; മൂന്ന് ആർ എസ് എസ് പ്രവർത്തകർ കസ്റ്റഡിയില്‍

പയ്യോളി: സിപിഐ എം പ്രവര്‍ത്തകരുടെ വീടിന്‌ നേരേ ബോംബേറ്. സംഭവത്തില്‍ മൂന്ന്‌ ആർ എസ് എസ് പ്രവർത്തകരെ കസ്‌റ്റഡിയിലെടുത്തു.

ജനാധിപത്യ മഹിള അസോസിയേഷന്‍ പയ്യോളി നോര്‍ത്ത് മേഖല കമ്മിറ്റി അംഗവും, അയനിക്കാട് സൗത്ത് യൂണിറ്റ് പ്രസിഡണ്ടുമായ ആവിത്താരേമ്മല്‍ ബീനയുടെയും, ചെത്തുതൊഴിലാളി യൂണിയന്‍ സിഐടിയു പ്രവര്‍ത്തകനായ സത്യന്റെയും വീടിനു നേരെയാണ്‌ ആക്രമണമുണ്ടയത്‌.

ഞായറാഴ്ച രാത്രി 11.55 ഓടെയാണ്‌ ബോംബെറിഞ്ഞത്‌. ആക്രമത്തിൽ ജനല്‍ ചില്ലുകളും കസേരകളും തകര്‍ന്നു. സംഭവത്തെ തുടർന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 4.30 ഓടെ മൂന്ന് ആർ എസ് എസ് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു.

ബോംബെറിഞ്ഞതിന് ശേഷം ബി ജെ പി കേന്ദ്രത്തിലുള്ള ഒരു വീടിന്റെ ടെറസില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇവർ. സിപിഐ എം നേതാക്കള്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു .