മഴയിൽ ഗണ്യമായ കുറവ്; അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 12% ജലം മാത്രം

വേനൽ കടുത്തതോടെ ഇടുക്കി അണക്കെട്ടിലെ വെള്ളവും വറ്റിത്തുടങ്ങി. ശരാശരി അരയടി വീതം ജലനിരപ്പ് പ്രതിദിനം കുറയുന്നുണ്ടെന്നാണു കെഎസ്ഇബിയുടെ കണക്ക്. കഴിഞ്ഞ മഴക്കാലത്ത് അണക്കെട്ടിലെ ജലനിരപ്പ് 2400 അടിയിലെത്തിയിരുന്നു. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. നിലവിൽ സംഭരണശേഷിയുടെ 12 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്.

തിരുവനന്തപുരം∙ മഴ കുറഞ്ഞതോടെ പ്രധാന ജലവൈദ്യുതി പദ്ധതികളുടെ അണക്കെട്ടുകളിലെ ജലനിരപ്പും വന്‍തോതില്‍ കുറഞ്ഞു. പ്രധാന അണക്കെട്ടുകളില്‍ അവശേഷിക്കുന്നത് സംഭരണശേഷിയുടെ പന്ത്രണ്ട് ശതമാനം ജലം മാത്രം. ഇതോടെ ജലവൈദ്യുതി ഉല്‍പാദനം കുറയ്ക്കാന്‍ വൈദ്യുതി ബോര്‍ഡ് യോഗം തീരുമാനിച്ചു. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പകുതിയായി കുറഞ്ഞതും ആശങ്ക ഉയര്‍ത്തുന്നു.

 

വൈദ്യുതി ബോർഡിന്റെ മേജർ ഡാമുകളായ ഇടുക്കി, ശബരിഗിരി, ഇടമലയാർ ഡാമുകളിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നിട്ടുണ്ട്. ഈ വർഷം പ്രതീക്ഷിച്ച രീതിയിൽ മഴ ലഭിക്കാത്തതാണു കാരണം. ഇടുക്കി, പമ്പ, ഷോളയാർ, ഇടമലയർ അടക്കം ഗ്രൂപ്പ് ഒന്നില്‍പ്പെടുന്ന അണക്കെട്ടുകളില്‍ ആകെ സംഭരണശേഷിയുടെ കൂടി 12 ശതമാനം ജലമേയുള്ളൂ. വൈദ്യുതി ബോർഡിലെ മൊത്തം ഡാമുകളിലും കൂടി 11 ശതമാനം ജലവിതാനമാണുള്ളത്. അതായത് 469 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമേ ഉൽപാദിപ്പിക്കാൻ കഴിയൂ. കഴിഞ്ഞ വർഷം ഇതേ സമയം 1713.11 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ജലം അണക്കെട്ടുകളിൽ ഉണ്ടായിരുന്നു.

 

390 ദശലക്ഷം യൂണിറ്റ് വൈദ്യുതിയ്ക്കുള്ള വെള്ളം സംഭരിക്കുന്നതുവരെ പ്രതിദിന ജലവൈദ്യുതോല്‍പാദനം 12 ദശലക്ഷം യൂണിറ്റായി ക്രമപ്പെടുത്തുന്നതിനാണ് വൈദ്യുതി ബോർഡിന്റെ യോഗത്തിൽ തീരുമാനമായിരിക്കുന്നത്. കഴിഞ്ഞ വർഷം ഡാമുകളിലേക്ക്‌ 1106 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ജലം ഒഴുകിയെത്തിയപ്പോൾ ഈ വർഷം അത് 96.5 എംയു ആയി കുറഞ്ഞു. മഴ കിട്ടിയില്ലെങ്കില്‍ സ്ഥിതി ഇനിയും വഷളാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
Comments

COMMENTS

error: Content is protected !!