സ്വദേശാഭിമാനി കേസരി പുരസ്‌കാരം ടി. ജെ. എസ്. ജോര്‍ജിന്

തിരുവനന്തപുരം:  2017ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം പ്രമുഖ മാധ്യമ പ്രവര്‍ത്തകനും പത്രാധിപരും ഗ്രന്ഥകര്‍ത്താവുമായ ടി. ജെ. എസ്. ജോര്‍ജിന്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവുമാണ് പുരസ്‌കാരം. മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ പുരസ്‌കാരമാണിത്. ജൂലൈ ഒന്നിന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും.

 

ഡോ. സെബാസ്റ്റിയന്‍ പോള്‍ അധ്യക്ഷനും പാര്‍വതി ദേവി, എന്‍. പി. രാജേന്ദ്രന്‍ എന്നിവര്‍ അംഗങ്ങളും ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് ടി. ജെ. എസ്. ജോര്‍ജിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. മജിസ്‌ട്രേറ്റ് ആയിരുന്ന ടി.ടി ജേക്കബിന്റെയും ചാചിയാമ്മ ജേക്കബിന്റെയും മകനായി 1928 മെയ് ഏഴിനായിരുന്നു തയ്യില്‍ ജേക്കബ് സോണി ജോര്‍ജ് എന്ന ടി.ജെ. എസ്. ജോര്‍ജിന്റെ ജനനം.

 

ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലധികം മാധ്യമപ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ് ടി.ജെ. എസ്. ജോര്‍ജ്. 1950 ല്‍ ബോംബെയിലെ ഫ്രീ പ്രസ്സ് ജേര്‍ണലില്‍ പത്രപ്രവര്‍ത്തനജീവിതം ആരംഭിച്ചു. ഇന്റര്‍നാഷണല്‍ പ്രസ്സ് ഇന്‍സ്റ്റിറ്റ്യൂട്ട്, ദി സെര്‍ച്ച്ലൈറ്റ്, ഫാര്‍ ഈസ്റ്റേണ്‍ എക്കണോമിക് റിവ്യൂ എന്നിവയില്‍ മാധ്യമപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു. ഹോംങ്കോങില്‍ നിന്നുള്ള ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപരാണ്.

 

സ്വതന്ത്രഭാരതത്തില്‍ അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചതിന്റെ പേരില്‍ ജയിലിലടക്കപ്പെട്ട പത്രാധിപരാണ് ടി.ജെ.എസ്്. പട്‌നയില്‍ സെര്‍ച്ച്‌ലൈറ്റ് പത്രത്തിന്റെ പത്രാധിപരായിരുന്നപ്പോഴാണ് അതുണ്ടായത്. പ്രതിരോധമന്ത്രി വി.കെ കൃഷ്ണമേനോനാണ് അദ്ദേഹത്തിന്റെ കേസ് വാദിക്കാന്‍ അന്ന് പട്‌നയിലെത്തിയത്. വി.കെ കൃഷ്ണമേനോന്‍, എം.എസ് സുബ്ബലക്ഷ്മി, നര്‍ഗീസ്, പോത്തന്‍ ജോസഫ്, ലീ ക്വാന്‍ യ്യൂ തുടങ്ങിയവ മഹാന്‍മാരുടെ ജീവചരിത്രങ്ങളും സ്വന്തം ഓര്‍മക്കുറിപ്പുകളായ ഘോഷയാത്രയും ഉള്‍പ്പെടെ  ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപതു ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. പത്മഭൂഷണ്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

 

2019 മെയ് ഏഴിനു 91 വയസ് പിന്നിട്ട ടി. ജെ. എസ് ജോര്‍ജ് ഇപ്പോഴും സമകാലിക മലയാളം ഉള്‍പ്പെടുന്ന ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ എഡിറ്റോറിയല്‍ ഉപദേശക പദവി വഹിക്കുന്നു. പോയിന്റ് ഓഫ് വ്യൂ എന്ന പംക്തിയില്‍ ജനാധിപത്യത്തിനും മതനിരപക്ഷേതയ്ക്കും രാഷ്ട്രീയ-സാമൂഹ്യ സദാചാരങ്ങള്‍ക്കും എതിരായ നീക്കങ്ങളെ ശക്തമായി ചോദ്യം ചെയ്യുന്നു
Comments

COMMENTS

error: Content is protected !!