ഹെൽ‌മറ്റില്ലെങ്കിൽ 1000 രൂപ, ലൈസൻസ് റദ്ദാക്കും; ആംബുലൻസ് വിട്ടില്ലെങ്കിൽ 10,00

ന്യൂഡൽഹി ∙ ആംബുലൻസ് അടക്കമുള്ള എമർജൻസി വാഹനങ്ങൾക്ക് സൈഡ് നൽകിയില്ലെങ്കിൽ 10000 രൂപ പിഴ ചുമത്തുന്നതടക്കം റോഡുകളിലെ നിയമലംഘനത്തിന് കർശന നടപടികൾ നിർദേശിക്കുന്ന മോട്ടർ വാഹന നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.

 

ബിൽ വൈകാതെ പാർലമെന്റിൽ അവതരിപ്പിക്കും. 18 സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാരുടെ ശുപാർശകൾ അടങ്ങിയതാണ് ബില്ലിലെ നിർദേശങ്ങൾ. കഴിഞ്ഞ ലോക്സഭ ഇതു പാസ്സാക്കിയിരുന്നെങ്കിലും രാജ്യസഭയിൽ ചർച്ച പൂർത്തിയാകുന്നതിനു മുൻപേ ലാപ്സായി.

 

പ്രധാനപ്പെട്ട നിർദേശങ്ങൾ:

 

∙അടിയന്തര ആവശ്യങ്ങൾക്കായി പോകുന്ന വാഹനങ്ങൾ കടന്നു പോകാൻ അനുവദിച്ചില്ലെങ്കിൽ 10,000 രൂപ പിഴ.

 

∙ഡ്രൈവിങ് ലൈസൻസ് സസ്പെൻഡു ചെയ്യപ്പെട്ട ശേഷം വാഹനമോടിച്ചാലും 10,000 രൂപ പിഴയുണ്ടാകും.

 

∙മോട്ടർ വാഹന നിയമങ്ങൾ ലംഘിക്കുന്ന ആപ് അടിസ്ഥാനമാക്കിയുള്ള ടാക്സികൾക്കും റെന്റ് എ കാർ സർവീസുകൾക്കും മറ്റും ഒരു ലക്ഷം രൂപ വരെ പിഴ.

 

∙ അമിത വേഗത്തിന് 1000 മുതൽ 2000 രൂപ വരെ പിഴ. നിലവിൽ 400 രൂപയാണ്.

 

∙ഇൻഷുറൻസില്ലാത്ത വാഹനമോടിച്ചാൽ 2000 രൂപ പിഴ.

 

∙ഹെൽമെറ്റില്ലാതെ ബൈക്കോടിച്ചാൽ 1000 രൂപ പിഴയും 3 മാസം ഡ്രൈവിങ് ലൈസൻസ് സസ്പെൻഷനും.

 

∙പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ രക്ഷിതാവിനോ, വാഹനമുടമയ്ക്കോ 25,000 രൂപ വരെ പിഴയും 3 വർഷം തടവും. വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്യും.

 

∙ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ 100 രൂപയിൽ നിന്ന് 500 രൂപയാക്കും.

 

∙അധികൃതരുടെ ഉത്തരവുകൾ അനുസരിക്കാത്തവർക്ക് കുറഞ്ഞ പിഴ 2000 രൂപ. നിലവിൽ 500 രൂപയാണ്.

 

∙ലൈസൻസില്ലാതെ വാഹനമോടിച്ചാൽ 5000 രൂപ പിഴ. അനധികൃത വാഹനമോടിച്ചാലും 5000 രൂപ പിഴയൊടുക്കണം.

 

∙അപകടകരമായ ഡ്രൈവിങിന് പിഴ 1000ത്തിൽ നിന്ന് 5000 രൂപയായി ഉയർത്തും.

 

∙മദ്യപിച്ചു വാഹനമോടിച്ചാൽ പിഴ 10,000 രൂപ. നിലവിൽ 2000 രൂപ.

 

∙ വാഹനത്തിൽ ഓവർലോഡു കയറ്റിയാൽ 20,000 രൂപ പിഴ.

 

∙സീറ്റ് ബെൽറ്റിട്ടില്ലെങ്കിൽ 1000 രൂപ പിഴ. നിലവിൽ 100 രൂപയാണ്.

 

∙ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 5000 രൂപ പിഴ. നിലവിൽ 1000 രൂപ.

 

∙ നിയമപാലകർ ചട്ടം ലംഘിച്ചാൽ നിർദേശിക്കപ്പെട്ടിരിക്കുന്നതിന്റെ ഇരട്ടിത്തുകയാവും പിഴയടയ്ക്കേണ്ടി വരിക.

 

∙ ഇടിച്ചിട്ടു കടന്നു കളയുന്ന അപകടക്കേസുകളിൽ ഇരയ്ക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരം.

 

∙ അപകടത്തിൽപ്പെട്ടവർക്കു സഹായത്തിന് മോട്ടർ വെഹിക്കിൾ ആക്സിഡന്റ് ഫണ്ട്.

 

∙ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് നിയമസംരക്ഷണം.

 

∙ റോഡ് നിർമാണത്തിലെ അപാകതകൾ അപകടകാരണമായാൽ കരാറുകാരനും തദ്ദേശസ്ഥാപനത്തിനും ഉത്തരവാദിത്തം.

 

∙റജിസ്ട്രേഷനും ലൈസൻസിനും ആധാർ നിർബന്ധം.

 

∙ ലൈസൻസ് പുതുക്കാൻ കാലാവധിക്കു മുൻപ് ഒരു വർഷം മുതലും കാലാവധി കഴിഞ്ഞ് ഒരു വർഷം വരെയും സമയം.

 

∙ മോശം എൻജിൻ നിർമിച്ചാൽ കാർ കമ്പനികൾക്ക് 500 കോടി രൂപ പിഴ.
Comments

COMMENTS

error: Content is protected !!