ലോകവ്യാപകമായി നിശ്ചലമായ ഫെയ്‌സ്ബുക്ക് സേവനങ്ങള്‍ തിരിച്ചെത്തി

ലോകവ്യാപകമായി ഭാഗികമായി പ്രവര്‍ത്തനം തടസപ്പെട്ട ഫെയ്‌സ്ബുക്ക് സേവനങ്ങള്‍ സാധാരണ നിലയിലായി. ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം സേവനങ്ങളിലാണ് ഭാഗികമായി തടസം നേരിട്ടത്. ചിത്രങ്ങളും വീഡിയോകളും വോയ്‌സ് ക്ലിപ്പുകളും അടങ്ങുന്ന മള്‍ട്ടിമീഡിയ സന്ദേശങ്ങളുടെ കൈമാറ്റത്തിലാണ് തകരാര്‍ നേരിട്ടത്.

 

വാട്‌സാപ്പില്‍ ചിത്രങ്ങളും വീഡിയോകളും ശബ്ദ സന്ദേശങ്ങളും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിച്ചില്ല. ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകള്‍ക്കൊപ്പം ചിത്രങ്ങള്‍ കാണുന്നുണ്ടായിരുന്നില്ല. ഇന്‍സ്റ്റാഗ്രാം ഫീഡ് റീഫ്രഷ് ആകുന്നതില്‍ തടസം നേരിട്ടു.

 

ബുധനാഴ്ച വൈകുന്നേരം 5.30-ഓടെയാണ് ഫെയ്‌സ്ബുക്ക് സേവനങ്ങില്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയതെന്ന് ഡൗണ്‍ ഡിറ്റക്റ്റര്‍ വെബ്‌സൈറ്റ് പറയുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 5.30-ഓടെയാണ് സേവനങ്ങള്‍ പൂര്‍ണമായും തിരികെയെത്തിയതായി ഫെയ്ബുക്ക് ട്വീറ്റ് ചെയ്തത്.  തടസം നേരിട്ടതില്‍ ഫെയ്‌സ്ബുക്ക് ക്ഷമാപണവും നടത്തി.

 

പതിവ് അറ്റകുറ്റപ്പണികള്‍ക്കിടെ അപ്രതീക്ഷിതമായുണ്ടായ സാങ്കേതിക പ്രശ്‌നമാണ് ഉപയോക്താക്കള്‍ക്ക് മള്‍ട്ടിമീഡിയ സന്ദേശങ്ങളയക്കുന്നതില്‍ തടസം സൃഷ്ടിച്ചതെന്ന് ലഭിക്കുന്ന വിവരം. എന്നാല്‍ എന്താണ് കൃത്യമായ കാരണമെന്ന് ഫെയ്‌സ്ബുക്ക് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

 

യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലുമാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നം നേരിട്ടത്. വ്യക്തികളും, വ്യവസായ സ്ഥാപനങ്ങളും സാങ്കേതിക തകരാറില്‍ ബുദ്ധിമുട്ടി.

 

ഈ വര്‍ഷം ആദ്യം സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് 24 മണിക്കൂര്‍ നേരം ഫെയ്‌സ്ബുക്ക് പ്രവര്‍ത്തനരഹിതമായിരുന്നു.
Comments

COMMENTS

error: Content is protected !!