വാഷിങ്ടൻ ഡിസിയിൽ വെള്ളപ്പൊക്കം; തിങ്കളാഴ്ച പെയ്തത് ഒരു മാസത്തെ മഴ

 

വാഷിങ്ടൻ ∙ പെരുമഴയിൽ മുങ്ങി യുഎസ് തലസ്ഥാനമായ വാഷിങ്ടൻ ഡിസി. ഒരു മാസം കൊണ്ടു കിട്ടേണ്ട മഴയാണ് ഒറ്റ ദിവസം പെയ്തതും തലസ്ഥാനത്തു വെള്ളപ്പൊക്കം സൃഷ്ടിച്ചതും. തിങ്കളാഴ്ച രാവിലെയുണ്ടായ വെള്ളപ്പൊക്കത്തിൽ ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസിലും വെള്ളം കയറിയതായി റിപ്പോർട്ടുണ്ട്. മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മഴയിൽ ആദ്യ ഒരു മണിക്കൂറിനകം നാലിഞ്ച് വെള്ളമാണ് ഉയർന്നത്.

റോഡുകളിലും പാളങ്ങളിലും വെള്ളം  നിറഞ്ഞതിനെ തുടർന്നു റോഡ്, റെയിൽ ഗതാഗതം സ്തംഭിച്ചു. വാഹനങ്ങൾ പുറത്തിറക്കരുതെന്നു പൊലീസ് നിർദേശിച്ചു. നൂറുകണക്കിനു കുടുംബങ്ങളിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. വൈറ്റ് ഹൗസിന്റെ ബേസ്മെന്റിൽ വെള്ളം കയറിയതായും സർക്കാർ ഉദ്യോഗസ്ഥർ ചെളിവെള്ളം ഒഴുക്കിക്കളഞ്ഞതായും എഎൻഐ റിപ്പോർട്ട് ചെയ്തു.

പ്രസ് ഏരിയയുടെ കാർപ്പെറ്റിലെ ചില ഭാഗങ്ങൾ നനയുക മാത്രമാണുണ്ടായതെന്നും ഇത് ഇടയ്ക്കിടെ ഉണ്ടാകാറുള്ളതാണെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. പോട്ടോമാക് നദി കര കവിഞ്ഞതാണു വെള്ളപ്പൊക്കം ഗുരുതരമാകാൻ കാരണം. കനാൽ റോഡിനു സമീപം വാഹനങ്ങളുടെ മുകളിൽ കയറിനിന്ന നിരവധിപേരെ രക്ഷിച്ചതായി ഡിസി ഫയർ വക്താവ് വിറ്റോ മഗിയോളോ പറഞ്ഞു. മഴ തുടരാൻ സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

Comments

COMMENTS

error: Content is protected !!