ഹോര്‍മൂസില്‍ സംഘര്‍ഷനീക്കം; സംഘര്‍ഷത്തിന്‌ അമേരിക്കയെന്ന്‌ റഷ്യ

ദോഹ > ഇറാനെ ലക്ഷ്യംവച്ച്  ഹോര്‍മൂസ് കടലിടുക്കില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള പാശ്ചാത്യനീക്കം തീവ്രമായി. അന്താരാഷ്ട്ര സമുദ്രനിയമം ലംഘിച്ച് ബ്രിട്ടീഷ് എണ്ണടാങ്കറിനെ തടയാന്‍ ഇറാന്‍ ശ്രമിച്ചെന്ന അവകാശവാദവുമായി  ബ്രിട്ടൻ രംഗത്തെത്തി. എന്നാല്‍, ബ്രിട്ടന്റെ ആരോപണം ഇറാന്‍ ശക്തമായി നിഷേധിച്ചു.

 

സംഘര്‍ഷഭരിതമായ അബു മുസ മേഖലയില്‍ ഇറാന്റെ കടല്‍സംരക്ഷണസേനയുടെ മൂന്ന് ബോട്ട‌് ബ്രിട്ടീഷ് എണ്ണക്കപ്പലിനെ വലയംവച്ചെന്നും തുണയ്‌ക്കെത്തിയ എത്തിയ ബ്രിട്ടീഷ് പടക്കപ്പലില്‍നിന്നുള്ള സൈനികസഹായം ലഭിച്ചതിനാല്‍ തടസ്സമില്ലാതെ നീങ്ങാനായെന്നും എന്നാല്‍ പരസ്പരം വെടിയുതിര്‍ത്തിട്ടില്ലെന്നുമാണ് ബ്രിട്ടീഷ് സേനയുടെ അവകാശവാദം. ഗള്‍ഫ് തീരം വിടുംവരെ ബ്രിട്ടീഷ് എണ്ണടാങ്കറിനു പുറകെ  എച്ച്എംഎസ് മണ്‍ട്രോസ് എന്ന പടക്കപ്പല്‍ സഞ്ചരിക്കുകയായിരുന്നു. സംഭവസമയത്ത് അമേരിക്കന്‍ യുദ്ധവിമാനം മേഖലയിലെത്തിയെന്ന് അമേരിക്കന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആണവകരാറില്‍നിന്ന‌് പിൻവാങ്ങിയ ഇറാനുമായി ഫ്രാന്‍സ് സമവായ ചര്‍ച്ച നടത്തുന്നതിനിടെയാണ് ബ്രിട്ടനും അമേരിക്കയും പ്രകോപനപരമായ പ്രചാരണം നടത്തുന്നത്. ​ഗള്‍ഫ് മേഖലയില്‍ സൈനികസാനിധ്യം അമേരിക്ക ശക്തമാക്കിവരികയാണ്. ചരക്കുകപ്പലുകള്‍ക്ക് സംരക്ഷണമൊരുക്കാനെന്ന പേരില്‍ സമുദ്രസൈനികമുന്നണി രൂപീകരിക്കാനും നീക്കമുണ്ട്.

 

ബ്രിട്ടന്റെ അവകാശവാദത്തിലെ സാങ്കേതികപ്പിഴവുകള്‍ വെളിപ്പെടുത്തിയാണ് ഇറാന്‍ ആരോപണം നിഷേധിക്കുന്നത്. രണ്ട് വിദേശ ടാങ്കറുകള്‍ ഇറാനിയന്‍ തീരത്തിനു സമീപം ഒന്നിച്ചുവന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും ടാങ്കര്‍ തടയാന്‍ ശ്രമിച്ചിട്ടില്ലെന്നും ഇറാന്‍ സമുദ്രസേന പ്രതികരിച്ചു. സംഘര്‍ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് നടക്കുന്നതെന്നും അര്‍ഥമില്ലാത്ത അവകാശവാദങ്ങളാണ് ബ്രിട്ടീഷ് സേനയുടേതെന്നും ഇറാന്‍ വിദേശമന്ത്രി മുഹമ്മദ് ജാവേദ് സരിഫ് പ്രതികരിച്ചു. ഗള്‍ഫ് തീരത്തുകൂടി പോകാന്‍ പേടിയുള്ളതുകൊണ്ടാണ് ബ്രിട്ടന്‍ ഒരു കപ്പലിന് തുണയായി മറ്റൊരു കപ്പലിനെ പുറകെ അയക്കുന്നതെന്ന് ഇറാനിയന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി പരിഹസിച്ചു.  ഗൾഫ് മേഖലയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച ബ്രിട്ടൻ അതിന്റെ പരിണതഫലം പിന്നാലെ അനുഭവിക്കുമെന്നും റൂഹാനി പറഞ്ഞു.
യൂറോപ്യന്‍ യൂണിയന്റെ ഉപരോധം വകവയ്ക്കാതെ സിറിയയിലേക്ക് എണ്ണ കയറ്റുന്നതായി ആരോപിച്ച് ഇറാന്റെ എണ്ണക്കപ്പല്‍ കഴിഞ്ഞാഴ്ച ബ്രിട്ടീഷ് നാവികസേന തടഞ്ഞുവച്ചിരുന്നു. ടാങ്കര്‍ ഇപ്പോള്‍ ജിബ്രാള്‍ട്ടര്‍ തീരത്ത് നിര്‍ത്തിയിട്ടിരിക്കുകയാണ്. എണ്ണടാങ്കര്‍ സിറിയയിലേക്ക് ഉള്ളതല്ലെന്നും ഉടന്‍ വിട്ടയക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു. ഇത്തരം നീക്കം തുടരുകയാണെങ്കില്‍  ബ്രിട്ടീഷ് ടാങ്കറുകള്‍ തടായാന്‍ സാധിക്കുമെന്ന്  ഇറാന്‍ സൈനിക കമാൻഡര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

കുഴപ്പമുണ്ടാക്കിയത് അമേരിക്ക:- റഷ്യ

 

പേര്‍ഷ്യന്‍ ഗള്‍ഫ് തീരത്ത് സംഘര്‍ഷമുടലെടുക്കാന്‍ കാരണം അമേരിക്കന്‍ നിലപാടാണെന്ന് റഷ്യ പ്രതികരിച്ചു. സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്നും അമേരിക്കയുടെ മുന്‍വിധിയോടെയുള്ള ഇടപെടലാണ് പ്രശ്നമുണ്ടാക്കുന്നതെന്നും റഷ്യന്‍ വിദേശമന്ത്രി സെര്‍ജി റ്യാബ്‌കോവ് പറഞ്ഞു. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ സമാധാന അന്തരീക്ഷമുണ്ടാകാന്‍ ചര്‍ച്ചയ‌്ക്ക് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
Comments

COMMENTS

error: Content is protected !!