Download WordPress Themes, Happy Birthday Wishes

തോന്നുമ്പോള്‍ ഭക്ഷണം കഴിക്കല്ലേ; സമയവും പ്രധാനമാണ്

ന മ്മുടെ ഭക്ഷണസമയം ഏറെക്കുറെ വീട്ടിലെ ടി.വി.യില്‍ വരുന്ന സീരിയലുകളുടെ സമയം അനുസരിച്ചാണെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല… പണ്ട് വീടുകളില്‍ അത്താഴം എട്ടുമണിക്ക് മുന്‍പ് കഴിക്കുന്ന പ്രവണതയായിരുന്നു. ഇപ്പോള്‍ ഒമ്പതുമണിക്ക് മുമ്പേ അത്താഴംകഴിക്കുന്ന കുടുംബങ്ങള്‍ വളരെ കുറച്ചേയുള്ളു. കിടക്കുന്നതിന് തൊട്ടുമുമ്പ് ഭക്ഷണംകഴിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. അതെങ്ങനെയാണെന്നല്ലേ നിങ്ങളിപ്പോള്‍ ആലോചിക്കുന്നത്…? ‘കിടക്കുന്നതിനു മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിക്കണം’ എന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. ‘ദിവസത്തിലെ അവസാനഭക്ഷണം കുറച്ച് ലഘുവായതും ദഹിക്കാന്‍ എളുപ്പമുള്ളതും ആയിരിക്കണം.’

 

ഉറക്കം

 

കിടക്കുന്നതിനു തൊട്ടുമുമ്പ് ഭക്ഷണംകഴിക്കുന്നത് നിങ്ങളുടെ സുഗമമായ ഉറക്കത്തിന് തടസ്സമാകുന്ന ഒരു ഘടകമാണ്. അത്താഴത്തിലുടെ രക്തത്തിലെ പഞ്ചസാരയും ഇന്‍സുലിനും വര്‍ധിക്കുന്നതാണ് ഇതിനുകാരണം. കനത്തഭക്ഷണം കഴിച്ചതിനുശേഷം ഉറങ്ങിയാല്‍, ശരീരം വേറെ കായബലമുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യാത്തതിനാല്‍, കുമിഞ്ഞുകൂടുന്ന കലോറി നീക്കംചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കും. അങ്ങനെ ഇവ കൊഴുപ്പായി അവശേഷിക്കാനും അതുവഴി അമിതവണ്ണം ഉണ്ടാകാനും സാധ്യതയുണ്ട്.

 

പഠനങ്ങള്‍ കാണിക്കുന്നത്, കിടക്കുന്നതിന് മുമ്പായി ആഹാരംകഴിക്കുന്നത് ശരീരത്തില്‍ അസ്വസ്ഥതയുണ്ടാക്കുകയും വേഗത്തില്‍ ഉറങ്ങാനുള്ള സാധ്യത കുറയ്ക്കുകയും അല്ലെങ്കില്‍, നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ചെയ്യും എന്നാണ്. ഇത് ഒരു അസ്വസ്ഥമായ ഉറക്കചക്രത്തിലേക്ക് നയിച്ചേക്കാം. ഗുണനിലവാരം കുറഞ്ഞ ഉറക്കം വിഷാദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകും.

 

ചില വ്യക്തികള്‍ രാത്രി അത്താഴംകഴിഞ്ഞതിനു ശേഷം ടി.വി. കാണുകയാണെങ്കിലോ, അല്ലെങ്കില്‍ എന്തെങ്കിലും ജോലിചെയ്യുകയാണെങ്കിലോ പാതിരാത്രി ചെറിയരീതിയില്‍ ലഘുഭക്ഷണം കഴിക്കുന്നത് കാണാം. ഇങ്ങനെ രാത്രി വൈകി ഭക്ഷണം കഴിക്കുന്നതും ചില ആളുകള്‍ക്ക് രാത്രിയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന സ്വപ്നങ്ങള്‍ ഉണ്ടാകാന്‍ കാരണമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

 

‘അര്‍ദ്ധരാത്രി കഴിക്കുന്ന ഭക്ഷണം ഉറക്കത്തെ എങ്ങനെ ബാധിക്കുന്നു?’ എന്ന വിഷയത്തില്‍ 2015-ല്‍, രണ്ട് കനേഡിയന്‍ മനഃശാസ്ത്രജ്ഞര്‍ ഗവേഷണം നടത്തുകയുണ്ടായി. ഈ ഗവേഷണത്തില്‍ അവര്‍, അര്‍ദ്ധരാത്രി ലഘുഭക്ഷണ ശീലമുള്ള യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളെക്കുറിച്ച് പഠിച്ചു. ഇവര്‍ ‘വിചിത്രമായ’ സ്വപ്നങ്ങള്‍ കാണാന്‍ കൂടുതല്‍ സാധ്യതയുള്ളവരാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിനുപിന്നിലെ കാരണമായി അവര്‍ പറയുന്നത്, നേരംവൈകി കഴിക്കുന്ന ലഘുഭക്ഷണം മൂലമുണ്ടാകുന്ന ‘ഗ്യാസ്ട്രിക്’ അസ്വസ്ഥത കൊണ്ടാകാം എന്നതാണ്.

 

അനാരോഗ്യകരമായ ഭാരം

 

നിങ്ങളുടെ ശരീരത്തിന് ഒരു ‘സിര്‍കാഡിയന്‍ റിഥം’ (‘ബോഡി ക്ലോക്ക്’) ഉണ്ട്. നമ്മള്‍ വിചിത്രമായ സമയത്ത് ഭക്ഷണംകഴിക്കുകയാണെങ്കില്‍ അത് സമന്വയത്തില്‍നിന്ന് മാറും. ഒരു സമന്വയത്തിന് പുറത്തുള്ള ‘സിര്‍കാഡിയന്‍ റിഥം’ ഉറക്കത്തെ ബാധിക്കുകയും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്ക് കാരണമാവും, ശരീരഭാരം വര്‍ധിപ്പിക്കുകയും ചെയ്യും.

 

രാത്രി വൈകി ഭക്ഷണംകഴിക്കുന്നവര്‍ മോശം ഭക്ഷണ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നു എന്നതും നമുക്ക് കാണാന്‍ സാധിക്കും. നമ്മുടെ ശരീരത്തിലെ ചയാപചയ പ്രവര്‍ത്തനങ്ങള്‍ രാത്രിയില്‍ മന്ദഗതിയിലാകുന്നു. മാത്രമല്ല, പകല്‍ സമയത്തെപ്പോലെ കലോറി കത്തുന്നതില്‍ ഇത് ഫലപ്രദമല്ല.

 

എല്ലാ ദിവസവും കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കുന്നതിലൂടെ രോഗങ്ങള്‍, പ്രത്യേകിച്ച് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ തടയാന്‍ കഴിയുന്നത്രകാലം കഴിയുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാനും ശരിയായ അളവില്‍ കഴിക്കുന്നതുവഴി ശരിയായ സമയത്ത് ഊര്‍ജമായി മാറ്റാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.

 

രാത്രി വൈകിയാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍, ആ ഭക്ഷണം ഒരിക്കലും ഊര്‍ജത്തിനായി ഉപയോഗിക്കപ്പെടുകയില്ല. പകരം കൊഴുപ്പായി ശേഖരിക്കപ്പെടുകയും ശരീരഭാരം കൂടാന്‍ കാരണമാവുകയും ചെയ്യും. അമിതവണ്ണം ഉണ്ടാക്കുക മാത്രമല്ല, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ കുഴപ്പത്തിലാക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വൈകി ആഹാരം കഴിക്കുന്നത് ഓര്‍മശക്തി കുറയ്ക്കാനും കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

 

രക്തസമ്മര്‍ദം

 

തെറ്റായി രൂപകല്പന ചെയ്ത ‘ബോഡി ക്ലോക്ക്’ ഹൃദ്രോഗത്തിനും പ്രമേഹത്തിനുമുള്ള അപകടസാധ്യത ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാം. നല്ലശീലങ്ങളെ നമ്മുടെ ശരീരം രണ്ടുകൈയുംനീട്ടി സ്വീകരിക്കും.

 

അതിനാല്‍, ഒരു നിശ്ചിതരീതിയില്‍, നിശ്ചിതസമയത്ത് നമ്മള്‍ ഭക്ഷണം കഴിക്കുകയാണെങ്കില്‍ അത് ശരീരത്തിന് ശീലമാവുകയും അത് ശരീരത്തിന്റെ താളാത്മകമായ ചക്രഗതിയായി മാറുകയും ചെയ്യും. അതായത്, ഒരു ശീലം ഉടലെടുത്തുകഴിഞ്ഞാല്‍ ശരീരം നമുക്ക് ആ സമയത്ത് ഭക്ഷണം വേണമെന്ന് വിശപ്പിലൂടെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ, ഭക്ഷണശേഷം ചയാപചയം നടക്കുന്നതിനും ഒരു ചിട്ടയുണ്ടാകും.

 

എന്നാല്‍, നമ്മള്‍ ഭക്ഷണം ക്രമംതെറ്റി, ഇടവേളയില്ലാതെ കഴിക്കുമ്പോള്‍ ശരീരം ആശയക്കുഴപ്പത്തിലാവുകയും ചയാപചയ പ്രവര്‍ത്തനത്തില്‍ തടസ്സങ്ങളും മാറ്റവും ഉണ്ടാക്കുകയും ചെയ്യും. ഇവ ദഹനക്കേട്, മലബന്ധം മുതലായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

 

മാനസികാരോഗ്യം

 

ഉറക്കം നഷ്ടപ്പെടുന്നത് നിങ്ങളെ എങ്ങനെ മാനസികാസ്വസ്ഥതയിലേക്ക് നയിക്കുന്നുവെന്ന് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ…? വൈകി ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെ ബാധിക്കുന്നതിനാല്‍, ഇത് നിങ്ങളുടെ മാനസികാരോഗ്യത്തെയും പരോക്ഷമായി ബാധിച്ചേക്കാം. ‘ഗ്യാസ്ട്രിക് അസ്വസ്ഥത’, അസ്വസ്ഥമായ ‘സിര്‍കാഡിയന്‍ റിഥം’ എന്നിവ മൂലം ഉണ്ടാകുന്ന മോശം ഉറക്കത്തിന്റെ ഗുണനിലവാരം വിഷാദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകും.

 

ദഹനം

 

സ്ഥിരമായി ‘ഹാര്‍ട്ട്‌ബേണ്‍’, ‘ആസിഡ് റിഫ്‌ലക്‌സ്’ എന്നിവ ഉണ്ടെങ്കില്‍, നിങ്ങളുടെ ഭക്ഷണസമയം നിങ്ങള്‍ വീണ്ടും വിലയിരുത്തണം. വൈകി അത്താഴംകഴിക്കുന്നത് ഈ ഗ്യാസ്ട്രിക് പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ദഹിക്കാത്ത ഭക്ഷണംമൂലമാണ്. ഇത് ആമാശയത്തിലെ അമിതമായ ആസിഡിന് കാരണമാകാം. അതുകൊണ്ടാണ്, ആളുകള്‍ ഉറങ്ങാന്‍ പോകുന്നതിനുപകരം ദിവസത്തെ അവസാന ഭക്ഷണംകഴിച്ച് വിശ്രമത്തോടെ നടക്കാന്‍ നിര്‍ദേശിക്കുന്നത്. ‘അസിഡിറ്റി’ക്ക് പ്രധാനകാരണം വൈകി അത്താഴംകഴിക്കുന്നതു തന്നെയാണ്. വൈകി അത്താഴം കഴിക്കുന്നവര്‍ക്ക് അസിഡിറ്റി, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍ എന്നിവ അനുഭവപ്പെടുക സാധാരണമാണ്.

 

എല്ലാദിവസവും കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കുന്നതിലൂടെ രോഗങ്ങള്‍, പ്രത്യേകിച്ച് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ തടയാന്‍ കഴിയുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാനും ശരിയായ അളവില്‍ കഴിക്കുന്നതുവഴി, ശരിയായ സമയത്ത് ഊര്‍ജമായി മാറ്റാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

*