വടയക്കണ്ടി നാരായണന് ദേശീയ അധ്യാപക പുരസ്കാരം

കോഴിക്കോട്: വടയക്കണ്ടി നാരായണന് ദേശീയ അധ്യാപക പുരസ്കാരം.ശ്രീ അരബിന്ദോ സൊസൈറ്റിയുടെ ടീച്ചർ ഇന്നോവേഷൻ പുരസ്കാരത്തിനാണ് നാരായണൻ അർഹത നേടിയത്. 17 ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര മാനവശേഷി വികസന വകുപ്പ് മന്ത്രി രമേഷ് പൊക്രിയാൽ പുരസ്കാരം സമ്മാനിക്കും.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി 62 അധ്യാപകരാണ് അർഹത നേടിയത്. കേരളത്തിൽ നിന്നും നാരായണൻ മാത്രമാണ് തെരഞ്ഞെടുക്കപ്പട്ടത്. പുതുയുഗ അധ്യാപനം, കളിയിലൂടെ പഠനം, രാഷ്ട്ര നിർമ്മാണം, സാമൂഹ്യ സേവനം, പരിസ്ഥിതി- പ്രകൃതി പഠനം, യോഗ – മെഡിറ്റേഷൻ, പുതു എഴുത്തുകാർ തുടങ്ങി പന്ത്രണ്ടോളം ഇനങ്ങളിലാണ് അധ്യാപകർ പുരസ്കാരത്തിന് അർഹത നേടിയത്. ഇതിൽ പരിസ്ഥിതി – പ്രകൃതി പഠനം മേഖലയിലാണ് നാരായണൻ തെരഞ്ഞെടുക്കപ്പെട്ടത്.
മികച്ച പരിസ്ഥിതി പ്രവർത്തനത്തിന് കേരളാ സർക്കാരിന്റെ ഈ വർഷത്തെ വനമിത്ര പുരസ്കാരത്തിനും  ഇദ്ദേഹം അർഹനായിരുന്നു. വടകര, തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ആണ്.
ജില്ലയിലെ വിദ്യാലയങ്ങളിൽ നടപ്പാക്കി വരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ (സ്റ്റുഡൻറ് ആർമി ഫോർ വിവിഡ്‌ എൻവയെൺമെന്റ്) ജില്ലാ കോർഡിനേറ്റർ ആണ് നാരായണൻ. പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്കരണത്തിന് അയക്കുന്ന ‘ചെലവ് രഹിത പ്ലാസ്റ്റിക് മാലിന്യ സംസ്കരണം’, ‘പക്ഷിക്ക് കുടിനീർ’, ‘മഴ യാത്ര’, ജലാശയങ്ങൾ ശുചീകരിച്ചു സംരക്ഷിക്കുന്ന ‘ജീവജലം’, സ്റ്റീൽ വാട്ടർ ബോട്ടിൽ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന ‘നല്ല വെള്ളം നല്ല പാത്രം’ തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. ഈ പ്രവർത്തനങ്ങൾ ആണ് അദ്ദേഹത്തെ പുരസ്കാരങ്ങൾക്ക്  അർഹനാക്കിയത്.
Comments

COMMENTS

error: Content is protected !!