വൈദ്യുതി ബന്ധം പുന:സ്ഥാപിക്കല്‍:- മുന്‍കരുതലുകള്‍, സഹായം

വെള്ളം കയറിയ വീടുകളില്‍ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുമ്പോള്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം അറിയിച്ചു. വെള്ളം കയറിയ വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ വൈദ്യുതി പ്രവഹിക്കുന്നത് ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിക്കുന്നതിനും അപകടം സംഭവിക്കുന്നതിനും കാരണമാകും. വീടിന്റെ അഥവാ കെട്ടിടത്തിന്റെ സമീപപ്രദേശത്ത് സര്‍വീസ് വയര്‍, ഇലക്ട്രിക് കമ്പി എന്നിവ പൊട്ടിക്കിടക്കുന്നതായോ താഴ്ന്നു കിടക്കുന്നതായോ കണ്ടാല്‍ അതില്‍ സ്പര്‍ശിക്കരുത്. ഉടന്‍തന്നെ സെക്ഷന്‍ ഓഫീസിലോ കെ എസ്ഇബി എമര്‍ജന്‍സി നമ്പറായ 9496010101 ലോ അറിയിക്കുക. വീട്ടിലേക്കുള്ള വൈദ്യുതി പൂര്‍ണമായി വിച്ഛേദിച്ചതിനു ശേഷം മാത്രമേ ഉള്ളില്‍ പ്രവേശിക്കുകയോ ശുചീകരണം നടത്തുകയോ ചെയ്യാവൂ. മെയിന്‍സ്വിച്ച് അല്ലെങ്കില്‍ ഇഎല്‍സിബി എന്നിവ ഓഫ് ചെയ്യുകയും മീറ്റര്‍ ബോക്‌സിനോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള ഫ്യൂസ് അഴിച്ചുമാറ്റുകയും വേണം. സോളാര്‍ പാനല്‍/ ഇന്‍വര്‍ട്ടര്‍ ഉള്ള വീടുകള്‍/ കെട്ടിടങ്ങളില്‍ നിന്ന്  അവ ഓഫ് ചെയ്ത് ബാറ്ററി ബന്ധം വിച്ഛേദിക്കണം. എര്‍ത്ത് ലീക്കേജ് മൂലമുള്ള അപകടം ഒഴിവാക്കാന്‍ എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട്  ബ്രെയ്ക്കര്‍ അത്യാവശ്യമാണ്. ഇഎല്‍സിബി ഇല്ലാത്ത വീടുകളില്‍ അത് ഘടിപ്പിക്കുക. ഉണ്ടെങ്കില്‍ ടെസ്റ്റ് ബട്ടണ്‍ അമര്‍ത്തി പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തുക. ആവശ്യമെങ്കില്‍ അംഗീകൃത വയര്‍മാന്റെ സഹായം തേടണം. വീടിനു പുറത്തുള്ള എര്‍ത്ത് ഇലക്ട്രോഡിലേക്ക് ഘടിപ്പിച്ചിരിക്കുന്ന കമ്പി പൊട്ടിയിട്ടോ കണക്ഷന്‍ വേര്‍പെട്ടിട്ടോ ഉണ്ടെങ്കില്‍ അവ പുന:സ്ഥാപിക്കണം. വീട്ടുപകരണങ്ങളില്‍ (മിക്‌സി, ഫ്രിഡ്ജ്, ടിവി മുതലായവ) വെള്ളം കയറിയിട്ടുണ്ടെങ്കില്‍ അവ പരിശോധിച്ച് ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ.
വയറിംഗ് പരിശോധനയ്ക്ക് വയര്‍മെന്‍ ആന്റ് സൂപര്‍വൈസേഴ്‌സ് അസോസിയേഷനുമായി ചേര്‍ന്ന് കെ എസ്ഇബി സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ആവശ്യമുള്ളവര്‍ കെ എസ്ഇബി സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറുമായി ബന്ധപ്പെടുക. സേവനം ലഭ്യമല്ലെങ്കില്‍ 1077 ടോള്‍ ഫ്രീ നമ്പരുമായി ബന്ധപ്പെടുക.
Comments

COMMENTS

error: Content is protected !!