അവഗണനയുടെ നോട്ടങ്ങള്‍ക്ക് ഹെയ്ദിയുടെ മറുപടി, ജേണലിസം ഡിപ്ലോമ സ്വന്തമാക്കി ട്രാന്‍സ് വുമണ്‍

അവഗണനയുടെ നോട്ടങ്ങള്‍ക്ക് തന്റെ നേട്ടങ്ങളിലൂടെ മറുപടി പറയുകയാണ് ഹെയ്ദി സാദിയ. സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ജേണലിസം വിദ്യാര്‍ത്ഥിയായ ഹെയ്ദി കോഴ്സ് പൂര്‍ത്തിയാക്കിയത് ഫസ്റ്റ് ക്ലാസോടെ. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നിന്ന് ഇലക്ട്രോണിക് ജേണലിസം പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമയാണ് സ്വന്തമാക്കിയിരിക്കുന്നത്. തൃശ്ശൂര്‍ സ്വദേശിയായ ഹെയ്ദി ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെയാണ് ട്രാന്‍സ് വുമണായത്.

 

നാല് വര്‍ഷം മുമ്പ് താനൊരു ട്രാന്‍സ് ജെന്‍ഡറാണെന്ന തുറന്നു പറച്ചില്‍ നാട്ടിലും വീട്ടിലും കോലാഹലമുണ്ടാക്കി. ആരും അംഗീകരിക്കില്ലെന്ന തിരിച്ചറിവില്‍ ബെംഗളൂരുവിലേക്ക് പോയി. ട്രാന്‍സ്ജെന്‍ഡര്‍ പ്രവര്‍ത്തകയായ മിയയാണ് ഹെയ്ദിക്ക് എല്ലാ സഹായവും നല്‍കിയത്. തനിക്ക് പഠിക്കണമെന്നും നല്ലൊരു ജോലി സ്വന്തമാക്കണമെന്നുമുള്ള ആഗ്രഹത്തില്‍ ഹെയ്ദി തുടര്‍ന്നും പഠിച്ചു. ഇഗ്‌നോയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം നേടി. പിന്നീടാണ് ജേണലിസം പഠിക്കാന്‍ തിരുവനന്തപുരത്തെത്തിയത്. അടുത്ത ആഴ്ച മുതല്‍ സ്വകാര്യ ചാനലില്‍ ഇന്റേണ്‍ഷിപ്പ് ആരംഭിക്കും.

 

മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാറാണ് ഹെയ്ദിയുടെ വളര്‍ത്തമ്മ. ട്രാന്‍സ്മാനായ അഥര്‍വുമായി ഹെയ്ദിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. ആലപ്പുഴ സ്വദേശിയായ അഥര്‍വിന്റെ വീട്ടുകാര്‍ വഴിയാണ് കല്യാണാലോചന. തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതിമാരായ സൂര്യയുടെയും ഇഷാന്റെയും വളര്‍ത്തുമകനാണ് അഥര്‍വ്.
Comments

COMMENTS

error: Content is protected !!