കേരളത്തിലെ തേനിൽ ജലാംശം കൂടുതലെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി; കർഷകന് നോട്ടിസ്

കോഴിക്കോട്:  കേരളത്തിന്റെ തേനൊന്നും തേനല്ലെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി ‘കണ്ടെത്തിയ’തോടെ ജീവിതം വഴിമുട്ടി സംസ്ഥാനത്തെ തേനീച്ച കർഷകർ. ജലാംശം കൂടുതലുള്ള തേൻ വിറ്റെന്ന പേരിൽ ഇടുക്കി അറക്കുളം സ്വദേശിയായ കർഷകന്റെ പേരിൽ ചുമത്താനൊരുങ്ങുന്നത് 10 ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റം. ബ്രാൻഡ് ചെയ്ത് തേൻ വിപണിയിൽ ഇറക്കുന്ന ചെറുകിട കർഷകരെല്ലാം ഉൽപന്നം പിൻവലിച്ചില്ലെങ്കിൽ വൻ തുക പിഴയൊടുക്കേണ്ടിവരുമെന്ന ഭീതിയിലാണ്.

 

കൊച്ചി കിൻഫ്ര പാർക്കിൽ ചെറിയ യൂണിറ്റായി പ്രവർത്തിക്കുന്ന ‘മീനച്ചിൽ ഹണി’ ഉടമ നിബി കൊട്ടാരത്തിനാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി അസിസ്റ്റന്റ് കമ്മിഷണർ നോട്ടിസ് അയച്ചത്. അങ്കമാലിയിലെയും പെരുമ്പാവൂരിലെയും കടകളിൽനിന്ന്  ഉദ്യോഗസ്ഥർ തേൻ സാമ്പിളുകൾ പിടിച്ചെടുക്കുകയായിരുന്നു. അതോറിറ്റിയുടെ പുതുക്കിയ മാനദണ്ഡമനുസരിച്ച് 20 ശതമാനത്തിൽ കൂടുതൽ ജലാംശമുള്ള തേൻ വിൽക്കാൻ പാടില്ല. നിബി വിപണിയിലെത്തിച്ച തേനിൽ ഇത് 21.35 ശതമാനമാണെന്ന് പരിശോധനയിൽ കണ്ടെത്തി. 3 ദിവസത്തിനകം വിപണിയിൽനിന്ന് പിൻവലിക്കാൻ നിർദേശിക്കുകയും ചെയ്തു.

 

എന്തുകൊണ്ട് അധിക ജലാംശം?

 

ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ പുതിയ നിബന്ധന പാലിച്ച് കേരളത്തിൽ വൻ തേൻ ഉൽപാദനം പ്രായോഗികമല്ലെന്ന് കർഷകരും ഗവേഷകരും പറയുന്നു. മഴ അധികമുള്ള കാലാവസ്ഥയുടെയും ഇവിടെ വളരുന്ന തേനീച്ചയുടെയുമെല്ലാം സവിശേഷത കൊണ്ട് താരതമ്യേന ജലാംശം കൂടുതലുള്ള തേനാണ് കേരളത്തിന്റേത്. അതേസമയം നറുമണവും മികച്ച രുചിയുമുള്ളതിനാൽ വിദേശ രാജ്യങ്ങളിൽപോലും ഏറെ ആവശ്യക്കാരുമുണ്ട്.
മറുനാടുകളിൽ കട്ടിയേറിയ തേൻ രുചികരമാക്കാൻ കേരളത്തിൽനിന്നുള്ള തേൻ കലർത്താറുപോലുമുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. ഉത്തരേന്ത്യയിലും മറ്റും വ്യാപകമായി വളർത്തുന്ന ‘എപിസ് മെല്ലിഫ്ര’ എന്ന ഇറ്റാലിയൻ തേനീച്ചയിനത്തിന്റെ തേനിന് ഗാഢത കൂടുതലുണ്ട്. ഈ ഇനം പക്ഷേ കേരളത്തിലെ കാലവസ്ഥയ്ക്ക് യോജിച്ചതുമല്ല.

 

ലോബികളുടെ കളിയോ?
സൂക്രോസ്, പോളെൻ കൗണ്ട് തുടങ്ങി മറ്റു ഘടകങ്ങളുടെ പരിശോധനകളിലെല്ലാം മികച്ച ഗുണനിലവാരം പുലർത്തുന്ന കേരള തേനിനെ വിപണിയിൽ ഒതുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണമുണ്ട്. അഗ്‌മാർക്ക്, ബിഐഎസ് മാനദണ്ഡവും പ്രിവൻഷൻ ഓഫ് ഫുഡ് അഡൽട്രേഷൻ ആക്ടുമെല്ലാം തേനിൽ 25 ശതമാനം വരെ ജലാംശമാകാമെന്ന് വ്യക്തമാക്കുമ്പോഴും ഒരു പഠനവുമില്ലാതെ ഈ വർഷമാദ്യം കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി ചട്ടം മാറ്റുകയായിരുന്നു. ഇപ്പോൾ ആദ്യത്തെ കേസ് വന്നപ്പോഴാണ് കർഷകർ ഈ വിവരം അറിയുന്നത്.

 

സംസ്കരണ ഉപകരണങ്ങളുണ്ടെങ്കിൽ ജലാംശം 20 ശതമാനത്തിൽ താഴെയെത്തിക്കാം. പക്ഷേ 15 മുതൽ 70 ലക്ഷം രൂപ വരെ വില വരുന്ന ഇവ സാധാരണ കർഷകർക്ക് ആലോചിക്കാനാവില്ല. ഉപകരണങ്ങൾ സ്വന്തമായുള്ള വൻകിട കർഷകരും കർഷക അസോസിയേഷൻ ഉന്നതരും ചെറുകിട ഉൽപാദകരെ തകർക്കാൻ ഒത്തുകളിക്കുന്നുവെന്നും ആരോപണമുയരുന്നു.
Comments

COMMENTS

error: Content is protected !!