‘ഒപ്പം’ അദാലത്ത് കായണ്ണയില്‍ പരിഗണിച്ചത്  77 പരാതികള്‍ 

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കായണ്ണയില്‍  നടത്തിയ കലക്ടറുടെ പഞ്ചായത്ത്തല പരാതി പരിഹാര അദാലത്തായ ‘ഒപ്പ’ത്തില്‍ 77 പരാതികള്‍ പരിഗണിച്ചു. ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത്ഹാളില്‍ നടന്ന അദാലത്തില്‍ പരിഗണിച്ച പരാതികളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ വിവിധ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ചോര്‍ന്നൊലിക്കാത്ത ഒരു വീട്  അനുവദിച്ച് തരണമെന്ന ആവശ്യവുമായാണ് മാട്ടനോട് സ്വദേശിനി ഇന്ദിര  അദാലത്തില്‍ എത്തിയത്.  മകന് സംസാര വൈകല്യവും ബുദ്ധി വൈകല്യവുമുണ്ട്. ഹൃദ്രോഗത്തിനും ചികിത്സ തേടുകയാണ്.  ഒരു കണ്ണിനു കാഴ്ചയില്ല. ഭര്‍ത്താവിന്റെ വരുമാനം കൊണ്ട് ചികിത്സയും മറ്റുകാര്യങ്ങളും മുന്നോട്ടു പോവില്ലെന്നും, ഇന്ദിര അദാലത്തില്‍ അറിയിച്ചു.
നടക്കാന്‍ ബുദ്ധിമുട്ട് ഉള്ളതിനാല്‍ ഒരു മുച്ചക്ര സ്‌കൂട്ടര്‍ അനുവദിക്കണമെന്ന ആവശ്യവുമായാണ് 71 വയസുള്ള സുലൈമാന്‍ എത്തിയത്. വികലാംഗനായ ഇദ്ദേഹം പെട്ടിക്കടയില്‍ നിന്നുള്ള വരുമാനത്തിലാണ് ജീവിതം തള്ളി നീക്കുന്നത്. രണ്ട് പരാതികളും പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.
വീടിനും ചികിത്സക്കുമായുള്ള ധനസഹായം, കൈവശ ഭൂമിയില്‍ നികുതിയടക്കാനുള്ള അനുമതി തുടങ്ങിയവ സംബന്ധിച്ച അപേക്ഷകളും, റേഷന്‍ സംബന്ധമായ പരാതികളും അദാലത്തില്‍ പരിഗണനക്കെത്തി്.
ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി തുടങ്ങി ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിനായുളള നിയമാനുസൃത രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള സൗകര്യവും (ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ്) നിരാമയ ഇന്‍ഷൂറന്‍സ് ചേര്‍ക്കാനും പുതുക്കാനുമുള്ള അവസരവും പരാതി പരിഹാര അദാലത്തിനൊപ്പം ഒരുക്കിയിരുന്നു.
പഞ്ചായത്തിന്റെ  പ്രവര്‍ത്തനങ്ങളും കലക്ടര്‍ വിലയിരുത്തി. വിവിധ മേഖലകളിലെ പ്രവര്‍ത്തന പുരോഗതി സംബന്ധിച്ച്  പഞ്ചായത്ത് പ്രതിനിധികളും ഉദ്യോഗസ്ഥരുമായി  ചര്‍ച്ച നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് എന്‍. പത്മജ, ഡെപ്യൂട്ടി കളക്ടര്‍ സി. ബിജു,  അഡിഷണല്‍ ഡി. എം. ഒ ഡോ. രവികുമാര്‍,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം രാമചന്ദ്രന്‍,  പഞ്ചായത്ത് സെക്രട്ടറി ദീപു രാജ്, നാഷണല്‍ ട്രസ്റ്റ് കോര്‍ഡിനേറ്റര്‍ സി. സിക്കന്തര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments

COMMENTS

error: Content is protected !!