മുഖം മിനുക്കാനൊരുങ്ങി കൊയിലാണ്ടി  നഗരസഭാ വ്യപാര സമുച്ചയം

കൊയിലാണ്ടിയില്‍ അഞ്ച് നിലകളിലായി നിര്‍മ്മിക്കുന്ന പുതിയ ഷോപ്പിംഗ് കോംപ്ലക്സ് സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവൃത്തിക്ക് സെപ്തംബര്‍ എട്ടിന് തുടക്കമാവും. 40 വര്‍ഷം മുന്‍പ് പണിത പഴയ കെട്ടിടം കാലപ്പഴക്കത്തെ തുടര്‍ന്ന് പൊളിച്ചു മാറ്റിയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണ ചുമതല കോഴിക്കോട് എന്‍.ഐ.ടി യെയാണ് നഗരസഭ ചുമതലപ്പെടുത്തിയത്.
അഞ്ച് നിലകളിലായി 5966 സ്‌ക്വയര്‍ മീറ്ററില്‍ 20 കോടി രൂപ പ്രതീക്ഷിത ചെലവില്‍ 54 കടമുറികള്‍, ആര്‍ട് ഗാലറി, വിശാലമായ ഓഫീസ് സൗകര്യം,  എക്സിബിഷന്‍ ഏരിയ, ആംഫി തിയേറ്റര്‍, കോണ്‍ഫറന്‍സ് ഹാള്‍, വിശാലമായ കയറ്റിറക്ക് ഏരിയ,  2800 സ്‌ക്വയര്‍ ഫീറ്റ് ഏരിയയില്‍ അഞ്ച് നിലകളിലും ശുചി മുറികള്‍, 100 കാറുകള്‍, ബൈക്കുകള്‍ എന്നിവയ്ക്കുള്ള വിശാലമായ പാര്‍ക്കിംഗ് ഏരിയ എന്നിവയാണ് ഒരുക്കിയെടുക്കുന്നത്.
സാമ്പത്തികമായി പ്രയാസപ്പെടുന്ന കൊയിലാണ്ടി നഗരസഭയ്ക്കു പ്രതിവര്‍ഷം ഒരു കോടി രൂപ അധിക വരുമാനവും 20 കോടി രൂപ നിക്ഷേപവും നഗരസഭ ഇതുവഴി ലക്ഷ്യമിടുന്നു. ഷോപ്പിംഗ് കോംപ്ലക്സിന്റെ ശിലയിടല്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നടത്തി കഴിഞ്ഞു. കെ.യു.ആര്‍.ഡി.എഫ്.സിയെന്ന സംസ്ഥാന സര്‍ക്കാര്‍ ധനകാര്യ സ്ഥാപനമാണ് ഫണ്ട് ലഭ്യമാക്കുന്നത്. വിവിധ ഘട്ടങ്ങളിലായി നിര്‍മ്മാണ പ്രവര്‍ത്തികള്‍ വിലയിരുത്തുന്നതിനുള്ള ഫലപ്രദമായ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ അറിയിച്ചു.
ഈ മാസം എട്ടിന് പഴയ ബസ്സ്റ്റാന്റ് കെട്ടിടം പൊളിക്കുന്ന പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ നിലവില്‍ ബസ് സ്റ്റാന്റില്‍ നിര്‍ത്തി ആളുകള കയറ്റുന്ന ബസ്സുകള്‍, നിലവിലുള്ള ബസ് ബേയിലൂടെ ഫ്ളൈ ഓവര്‍ ഭാഗത്തേക്ക് വന്ന് ടൗണ്‍ ഹാളിന് മുന്നിലൂടെ പുതിയ ബസ് സ്റ്റാന്റില്‍ കയറി ഹൈവേയിലേക്ക് ഇറങ്ങുന്നതിനും പഴയ ബസ് സ്റ്റാന്റിലെ ഓട്ടോ പാര്‍ക്കിംഗ് അവിടെ നിന്നും ഒഴിവാക്കുന്നതിനും കഴിഞ്ഞ ദിവസം ചേര്‍ന്ന ട്രാഫിക് അഡൈ്വസറി സമിതി തീരുമാനിച്ചിട്ടുണ്ട്.
Comments

COMMENTS

error: Content is protected !!