മഴക്കെടുതിയിൽ ആശ്വാസം പകരാൻ 21689 കിറ്റ്‌

കോഴിക്കോട്‌  :മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക്‌ ആശ്വാസമായി ജില്ലയിൽ വിതരണം ചെയ്‌തത്‌ 21689 ഭക്ഷണ കിറ്റുകൾ. ബാക്കിയുള്ള നാലായിരത്തോളം കിറ്റുകൾ ശനിയാഴ്‌ച മുതൽ നൽകും. കോഴിക്കോട്‌, വടകര, കൊയിലാണ്ടി, താമരശേരി താലൂക്കുകളിൽ കെടുതിയിൽപ്പെട്ട കുടുംബങ്ങൾക്ക്‌ ഇതിനകം സഹായം നൽകി. ഡെപ്യൂട്ടി കലക്ടർ വി വിഘ്‌നേശ്വരിയുടെ നേതൃത്വത്തിലാണ്‌ കലക്ടറേറ്റിൽ സംഭരണ കേന്ദ്രം പ്രവർത്തിക്കുന്നത്‌.
മൂന്ന്‌ കിലോ അരി, ഒരു കിലോ പഞ്ചസാര, ചെറുപയർ, കടല, പരിപ്പ്‌, വെളിച്ചെണ്ണ, മഞ്ഞൾപ്പൊടി, മുളക്‌പൊടി എന്നിവ ഉൾപ്പെടുന്നതാണ്‌ കിറ്റ്‌. 1500 രൂപ വിലവരുന്നതാണ്‌ കിറ്റ്‌. വില്ലേജ്‌ ഓഫീസർമാർ നൽകുന്ന പട്ടികയുടെ അടിസ്ഥാനത്തിൽ ഇവ വിതരണം ചെയ്‌തു.
പ്രളയ ബാധിതർ കൂടുതലുണ്ടായിരുന്ന കോഴിക്കോട്‌ താലൂക്കിലാണ്‌ കൂടുതൽ കിറ്റുകൾ നൽകിയത്‌. ചെറുവണ്ണൂരിൽ മാത്രം 2500 കുടുംബങ്ങൾക്ക്‌ കിറ്റുകൾ നൽകി.
ആഗസ്‌ത്‌ 13 മുതലാണ്‌ കലക്ടറേറ്റിലെ സംഭരണ കേന്ദ്രത്തിൽ നിന്നുള്ള വിതരണം ആരംഭിച്ചത്‌. നാടിന്റെ നാനാ ഭാഗത്തുനിന്നും സഹായമെത്തി. എൻഎസ്‌എസ്‌ വളന്റിയർമാരുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായവുമുണ്ടായി. ഡെറ്റോൾ, ഫിനോയിൽ, മോപ്പ്‌, ചൂൽ, സുരക്ഷാ വസ്‌ത്രങ്ങൾ, വസ്‌ത്രങ്ങളും മറ്റ്‌ അവശ്യവസ്‌തുക്കളും ദുരിതബാധിതർക്ക്‌ നൽകി.
Comments

COMMENTS

error: Content is protected !!