നടന്‍ സത്താര്‍ അന്തരിച്ചു

നാലു പതിറ്റാണ്ട് മലയാള സിനിമയില്‍ സജീവ സാന്നിധ്യമായിരുന്ന നടന്‍ സത്താര്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. ആലുവ പാലിയേറ്റീവ് കെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.നടി ജയഭാരതിയാണ് സത്താറിന്റെ ഭാര്യ. ഇവര്‍ പിന്നീട് വിവാഹ മോചിതരായി. നടന്‍ കൃഷ് സത്താര്‍ മകനാണ്. സംസ്‌കാരം വൈകിട്ട് നാലിന് ആലുവ പടിഞ്ഞാറേ കടുങ്ങല്ലൂര്‍ ജുമാമസ്ജിദില്‍.

 

എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത് 1975 ല്‍ ഇറങ്ങിയ ഭാര്യയെ ആവശ്യമുണ്ട് ആണ് ആദ്യ ചിത്രം. 1976 ല്‍ എ വിന്‍സന്റ് സംവിധാനം ചെയ്ത അനാവരണം എന്ന സിനിമയില്‍ നായകനായി. തുടര്‍ന്ന്‍ നൂറ്റി അമ്പതോളം സിനിമകളില്‍ അഭിനയിച്ചു.ഏറെയും വില്ലന്‍ വേഷങ്ങളില്‍.2014 ല്‍ ഇറങ്ങിയ പറയാന്‍ ബാക്കിവെച്ചത് ആണ് അവസാന ചിത്രം.

ആലുവയ്ക്കടുത്ത് കടുങ്ങല്ലൂരില്‍ വാരപ്പറമ്പില്‍ ഖാദര്‍ പിള്ളയുടെയും ഫാത്തിമയുടെയും പത്ത് മക്കളില്‍ ഒമ്പതാമനായി ജനിച്ചു. കടുങ്ങല്ലൂര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സത്താര്‍ ആലുവ യുസി കോളേജില്‍ നിന്നും ചരിത്രത്തില്‍ എം എ ബിരുദം നേടി.

 

2014 വരെ തുടര്‍ച്ചയായി അഭിനയിച്ച സത്താര്‍ 22 ഫീമെയ്ല്‍ കോട്ടയം, ഗോഡ് ഫോര്‍ സെയ്ല്‍, നത്തോലി ഒരു ചെറിയ മീനല്ല, പറയാന്‍ ബാക്കി വച്ചത് എന്നീ സിനിമകളിലാണ് അവസാന വര്‍ഷങ്ങളില്‍ അഭിനയിച്ചത്. ശരപഞ്ജരം, ഈനാട്, തുറന്ന ജയില്‍, 22 ഫീമെയ്ല്‍ കോട്ടയം, കമ്മിഷണര്‍, ലേലം തുടങ്ങിയവയാണ് പ്രശസ്തമായ ചിത്രങ്ങള്‍.
Comments

COMMENTS

error: Content is protected !!