റഗുലേറ്റഡ് മാര്‍ക്കറ്റിനായി കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്ത ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി

പേരാമ്പ്രയില്‍ റഗുലേറ്റഡ് മാര്‍ക്കറ്റിനായി ഏറ്റെടുത്ത 1.36 ഏക്കര്‍ ഭൂമി മുന്‍ ഉടമകള്‍ക്ക് തിരികെ നല്‍കാനുള്ള 2003 ലെ  ഉത്തരവ് റദ്ദാക്കിയും ഭൂമിയുടെ അവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയും റവന്യൂ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.  മലബാര്‍ റഗുലേറ്റഡ് മാര്‍ക്കറ്റിംഗ് കമ്മറ്റിക്കു വേണ്ടി 1958 ലാണ് പേരാമ്പ്ര മേഞ്ഞാണ്യം വില്ലേജിലെ സര്‍വെ നമ്പര്‍ 84/243ല്‍ ഉള്‍പ്പെട്ട  ഭൂമി ഏറ്റെടുത്തത്. റഗുലേറ്റഡ് മാര്‍ക്കറ്റ്  പദ്ധതി ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഭൂമി സര്‍ക്കാരിലേക്ക് വകയിരുത്തുന്നതിനു പകരം ഉടമകള്‍ക്ക് തന്നെ തിരിച്ചുനല്‍കി 2003 ല്‍  അന്നത്തെ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഭൂമി തിരിച്ചുനല്‍കാനുള്ള 2003ലെ  ഉത്തരവ് റദ്ദാക്കിയും  ഭൂമിയുടെ അവകാശം റവന്യൂ വകുപ്പില്‍ തന്നെ നിക്ഷിപ്തമാക്കിയും ഉത്തരവ് പുറപ്പെടുവിച്ചത്.  ഭൂമി ഏറ്റെടുത്ത് കൈയേറ്റങ്ങള്‍ ഒന്നുമില്ലാതെ സംരക്ഷിക്കാന്‍ ജില്ലാ കലക്ടര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ ചൊവ്വാഴ്ച ഭൂമി ഏറ്റെടുത്തു. പേരാമ്പ്ര ടൗണിന്‍റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന  ഭൂമിയാണ് അന്യാധീനപ്പെട്ടുപോകാതെ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയത്.
പേരാമ്പ്ര എംഎല്‍എയും തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പ് മന്ത്രിയുമായ ടി പി രാമകൃഷ്ണന്‍റെ ശ്രമകരമായ ഇടപെടലിനെ തുടര്‍ന്നാണ്
ഇത് സാധ്യമായത്.

Comments

COMMENTS

error: Content is protected !!