മരട്: 2 ഫ്ലാറ്റുകൾക്കു നഗരസഭ നൽകിയത് താൽക്കാലിക നമ്പറുകളെന്ന് രേഖ

മരട് (കൊച്ചി)∙ തീരദേശ പരിപാലനച്ചട്ടം ലംഘിച്ചതിനു പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ട 2 ഫ്ലാറ്റ് സമുച്ചയങ്ങൾക്കു നഗരസഭ നൽകിയതു താൽക്കാലിക കെട്ടിട നമ്പറുകളാണെന്ന (യുഎ നമ്പർ – അൺ ഓതറൈസ്ഡ് നമ്പർ) രേഖകൾ പുറത്ത്. നിയമം ലംഘിച്ചു നിർമിച്ച കെട്ടിടങ്ങൾക്കാണു യുഎ സർട്ടിഫിക്കറ്റ് നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണു നിർമാതാക്കൾക്കു നഗരസഭ ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് നൽകിയതെന്നും രേഖകൾ സൂചിപ്പിക്കുന്നു.

 

കെട്ടിടം താമസ യോഗ്യമെന്നും കോടതിയുടെ മറ്റൊരു വിധിയുണ്ടായാൽ കുടിപാർപ്പ് അവകാശം പുനഃപരിശോധിക്കുമെന്നും സർട്ടിഫിക്കറ്റ് റദ്ദാക്കുമെന്നും വ്യക്തമാക്കിയാണ് നഗരസഭ ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് നൽകിയത്. ആൽഫ വെഞ്ച്വേഴ്സിനും ജെയ്ൻ ഹൗസിങ്ങിനും 2012ൽ നഗരസഭ നൽകിയ യുഎ നമ്പറുകളുടെ രേഖകളാണു പുറത്തുവന്നത്.

 

അതേസമയം, സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട എല്ലാ ഫ്ലാറ്റുകൾക്കും താൽക്കാലിക നമ്പറാണെന്നാണ് സുപ്രീം കോടതിയിൽ എറണാകുളം കലക്ടർ, തദ്ദേശ സ്വയം ഭരണ സെക്രട്ടറി, മരട് നഗരസഭാ സെക്രട്ടറി എന്നിവർ ഉൾപ്പെട്ട മൂന്നംഗ സമിതി ഇക്കൊല്ലം ആദ്യം നൽകിയ റിപ്പോർട്ടിൽ പറഞ്ഞതെന്നാണു വിവരം. റഗുലർ നമ്പറിനും യുഎ നമ്പറിനും 2 റജിസ്റ്ററുകളാണ് നഗരസഭയിൽ സൂക്ഷിക്കുന്നത്.

 

ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ, 2009ൽ ഗോൾഡൻ കായലോരത്തിലെയും 2012ൽ എച്ച്ടുഒ ഹോളിഡേ ഫെയ്ത്തിലെയും ഫ്ലാറ്റുകൾക്കു താൽക്കാലിക നമ്പർ നൽകിയിട്ടുണ്ട്. ഇവയും പക്ഷേ, റഗുലർ നമ്പറുകളുടെ റജിസ്റ്ററിലാണു രേഖപ്പെടുത്തിയിട്ടുള്ളതെന്നു വ്യക്തമായിട്ടുണ്ട്. നിർമാതാക്കൾ നൽകിയ കേസിൽ, താൽക്കാലിക നമ്പർ നൽകാൻ 2009ൽ ഹൈക്കോടതി നിർദേശം വന്നതോടെ മനഃപൂർവം വരുത്തിയ പിഴവാകാം കായലോരം, എച്ച്ടുഒ ഫ്ലാറ്റുകളുടെ നമ്പറുകൾ റഗുലർ റജിസ്റ്ററിൽ കയറിപ്പറ്റാനിടയാക്കിയത്. ഫ്ലാറ്റുകളുടെ അനുമതി സംബന്ധിച്ച കാര്യങ്ങൾ മറച്ചുവച്ചാണു നിർമാതാക്കൾ തങ്ങൾക്കു ഫ്ലാറ്റുകൾ വിറ്റതെന്നാണ് ഇപ്പോൾ ഫ്ലാറ്റ് ഉടമകൾ പറയുന്നത്.

 

ഇത്തരം കാര്യങ്ങളിൽ വിശദ അന്വേഷണം നടത്തണം എന്നാണ് ഫ്ലാറ്റ് ഉടമകളുടെ ആവശ്യം. വാങ്ങുന്നതിന് മുൻപ് അവയുടെ പേരിലുള്ള നിയമപരമായ പ്രശ്നങ്ങൾക്കു ഫ്ലാറ്റ് നിർമാതാക്കളാണ് ഉത്തരവാദികളെന്നും അവർ പറയുന്നു. അതേസമയം, നെട്ടൂർ ആൽഫാ വെഞ്ച്വേഴ്സ് ഇരട്ട ഫ്ലാറ്റ് സമുച്ചയത്തിനു സമീപം താമസിക്കുന്ന നെടുമ്പിള്ളി എൻ.ജി. അഭിലാഷ് ഫ്ലാറ്റ് പൊളിക്കുന്നിതിനു മുൻപ് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി.
Comments

COMMENTS

error: Content is protected !!