ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മുക്കം: തിരുവോണനാളിൽ കോടഞ്ചേരി പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ കൊണ്ടോട്ടി നടുക്കര നാടകശ്ശേരി ആഷിഖിന്റെ (23) മൃതദേഹം കണ്ടെത്തി. അഗ്നിശമന സേനയുടെയും എൻ.ഡി.ആർ.എഫിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ നടത്തിയ എട്ടു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

 

ആഷിഖിനെ കാണാതായ സ്ഥലത്ത് നിന്ന് നൂറ് മീറ്റർ അകലെ, പതങ്കയം ജലവൈദ്യുത നിലയത്തോട് ചേർന്നുള്ള പാറക്കെട്ടിനുള്ളിൽ നിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പാറക്കൂട്ടത്തിനുള്ളിൽ കുടുങ്ങിയ മൃതദേഹത്തിന്റെ കൈകൾ മാത്രമാണ് പുറത്തേക്ക് ഉണ്ടായിരുന്നത്. പതങ്കയം ജലവൈദ്യുത നിലയത്തിലെ തൊഴിലാളിയായ ബിനീഷ് മാത്യുവിന് തോന്നിയ സംശയമാണ് മൃതദേഹം കിട്ടാൻ സഹായകരമായത്. കഴിഞ്ഞ ദിവങ്ങളിൽ ഈ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിലും ശക്തമായ ഒഴുക്കിനെത്തുടർന്ന് പാറക്കൂട്ടത്തിനടുത്തേക്ക് എത്തിപ്പെടാൻ സാധിച്ചിരുന്നില്ല.

 

തിരച്ചിൽ ഏഴുദിവസം പിന്നിട്ടിട്ടും മൃതദേഹം കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്ന് പതങ്കയത്തെത്തിയ ജില്ലാ കളക്ടർ സാംബശിവറാവു, ആഷിഖ് ഒഴുക്കിൽപ്പെട്ട പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്താൻ ആവശ്യപ്പെട്ടിരുന്നു. ചാക്കുകളിൽ മണൽനിറച്ച് ബണ്ടുകെട്ടി പുഴയിലെ ശക്തമായ ഒഴുക്ക് നിയന്ത്രിക്കാനുള്ള നടപടികൾ ആരംഭിക്കാനിക്കെയാണ് മൃതദേഹം കിട്ടിയത്.

 

അഗ്നിശമനസേനയുടെ നേതൃത്വത്തിൽ ഇരുവഴിഞ്ഞിപ്പുഴയുടെ മുക്കംകടവ് മുതൽ ചാലിയാർവരെ ബുധനാഴ്ച തിരച്ചിൽ നടത്തിയിരുന്നു. അണ്ടർ വാട്ടർ ക്യാമറ ഉപയോഗിച്ചും കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ള പാറകൾ പൊട്ടിച്ചും തിരച്ചിൽ നടത്തിയിരുന്നു. സെപ്റ്റംബർ പതിനൊന്നിന് ഇരുവഴിഞ്ഞിപ്പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ, ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കുന്നതിനിടെയാണ് ആഷിഖ് അപകടത്തിൽപ്പെട്ടത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം വൈകീട്ട് മൂന്നരയോടെ മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൊണ്ടോട്ടി നടുക്കര നാടകശ്ശേരി അബ്ദുൽ അസീസിന്റെയും പുത്തൂർ പള്ളിക്കൽ അമ്പാലടത്ത് സാജിദയുടെയും ഏക മകനാണ് ആഷിഖ്. സഹോദരികൾ: ഷഹാന, ഷംന.

 

Comments

COMMENTS

error: Content is protected !!