വാഹനപരിശോധന കർശനമാക്കി മോട്ടോർ വാഹനവകുപ്പ്

കോഴിക്കോട്: ജില്ലയിൽ വ്യാഴാഴ്ചമുതൽ വാഹനപരിശോധന കർശനമാക്കി. പുതിയ കേന്ദ്ര മോട്ടോർവാഹന നിയമ ഭേദഗതി നിലവിൽവന്നതിൽ പ്രതിഷേധം ശക്തമാക്കിയതിനാൽ പരിശോധന നിർത്തിവെച്ചിരിക്കുകയായിരുന്നു.

 

എന്നാൽ, ആ സമയങ്ങളിൽ അപകടങ്ങളും നിയമലംഘനങ്ങളും വർധിച്ചതിനാലാണ് വ്യാഴാഴ്ചമുതൽ വീണ്ടും പരിശോധന കർശനമാക്കാൻ ഗതാഗതസെക്രട്ടറി മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗത്തിന് നിർദേശം നൽകിയത്. നഗരത്തിൽ രണ്ട് സ്ക്വാഡുകളും വടകരയിൽ രണ്ട്‌ സ്ക്വാഡുകളും നടത്തിയ പരിശോധനയിൽ 67 വിവിധ വാഹനനിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടു.

 

ജില്ലയിൽ പരിശോധന കർശനമാക്കിയിട്ടുണ്ടെങ്കിലും പിഴ ചുമത്താൻ നിർദേശം ലഭിച്ചിട്ടില്ല. ലംഘനങ്ങൾ പരിശോധിച്ചതിനുശേഷം വകുപ്പുകൾ ചേർത്ത് കോടതികൾക്ക് കൈമാറാനാണ് നിർദേശം ലഭിച്ചിരിക്കുന്നതെന്ന് എം.വി.ഐ. ആർ. രവീഷ് പറഞ്ഞു.

 

മിക്കസ്ഥലങ്ങിളിലും സ്ക്വാഡുകളായാണ് ഇപ്പോൾ പരിശോധന നടത്തുന്നത്. ഹെൽമറ്റ്, ഫ്രീലെഫ്റ്റ്, ഓവർ സ്പീഡ്, കാറുകളിലെ സൺഫിലിം, വാഹനത്തിന്റെ പേപ്പറുകൾ, ഓവർ ലോഡ് തുടങ്ങിയവയും പരിശോധിക്കുന്നുണ്ട്. പരിശോധന നടത്തുമ്പോൾ ഇപ്പോഴും വിദ്യാർഥികളും മറ്റും മൂന്നാളെയുംവെച്ച് ബൈക്കുകളിൽ സഞ്ചരിക്കുന്നുണ്ട്. 14 വയസ്സിനു താഴെയുള്ള വിദ്യാർഥികളെപ്പോലും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

 

ഇങ്ങനെ പിടികൂടുന്ന വാഹനങ്ങളുടെ ഉടമസ്ഥന് ആറുമാസംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. പിഴ കൂട്ടിയതിനു പുറമേ ഇത്തരം നിയമങ്ങളും പുതിയ മോട്ടോർ വാഹന ഭേദഗതി നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇപ്പോൾ പരിശോധന നടക്കുന്നതു കണ്ടാൽ പെട്ടെന്ന് തിരിച്ചുപോകുന്നതും സ്ഥിരം കാഴ്ചയാണ്.

 

പെട്ടെന്നിങ്ങനെ പോകുമ്പോൾ വലിയ അപകടങ്ങളാണ് സംഭവിക്കുന്നത്. എം.വി.ഐ.മാരായ അനൂപ് മോഹൻ, കെ.കെ. പ്രശാന്ത്, ആർ. രവീഷ്, ജെ.ആർ. രാംകുമാർ, അസിസ്റ്റന്റ് എം.വി.ഐ.മാരായ എൻ.എസ്. ബിനു, എൽദോസ് രാജു, സി. രാഗേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

 

ലൈസൻസ് ഒറിജിനൽ വേണം
വാഹനപരിശോധനയിൽ വാഹനം ഓടിക്കുന്നയാളുടെ ലൈസൻസ് ഓറിജിനൽ കൈയിൽ നിർബന്ധമായും വെക്കണം. ഇയാൾ നിയമലംഘനം മുമ്പ് നടത്തിയിട്ടുണ്ടെങ്കിൽ ഒറിജിനലിൽ നോക്കിയാൽമാത്രമേ മനസ്സിലാക്കാൻ സാധിക്കൂ. ഇൻഷുറൻസ്, പൊല്യൂഷൻ സർട്ടിഫിക്കറ്റ്, ടാക്സ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ അറ്റസ്റ്റഡ് കോപ്പി ഫോണിലോ, കൈയിലോ ഉണ്ടായാൽമതി.
Comments

COMMENTS

error: Content is protected !!