ഷോറൂമിൽ നിന്ന് ബുള്ളറ്റും 1.6 ലക്ഷവും കവർന്നു

കോഴിക്കോട്‌ :  ഫ്രാൻസിസ്‌ റോഡിലെ റോയൽ എൻഫീൽഡ്‌ ഷോറൂമിൽ നിന്ന്‌ ഒരു ബുള്ളറ്റ്‌ ബൈക്കും 1.6 ലക്ഷം രൂപയും മോഷണം പോയി. കുറ്റിച്ചിറയിലെ സി എ ജുനൈദിന്റെ ഉടമസ്ഥതയിലുള്ള ‘ബ്ലൂ മൗണ്ടൻ ഓട്ടോസ്‌’ ഷോറൂമിൽ വ്യാഴാഴ്‌ച പുലർച്ചെ മൂന്നരയോടെയാണ്‌  സംഭവം.
പൂട്ടുപൊളിച്ച്‌ അകത്തുകടന്നായിരുന്നു മോഷണം. മോഷ്ടാവിന്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്‌.
രാവിലെ കട വൃത്തിയാക്കാനെത്തിയ ജീവനക്കാരിയാണ്‌ കവർച്ച നടന്നത്‌ മനസ്സിലാക്കിയത്‌. പണം സൂക്ഷിക്കുന്ന ഷെൽഫിന്റെ പൂട്ട്‌ പൊളിച്ച നിലയിലായിരുന്നു.
ക്ലാസിക്‌ മോഡലിലുള്ള ബുള്ളറ്റിന്‌ 1.72 ലക്ഷം രൂപ വിലയുണ്ട്‌.
ഷോറൂമിലെ നിരീക്ഷണ ക്യാമറകളിൽ മോഷണ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്‌.  കടയുടെ പിൻഭാഗത്തുകൂടിയാണ്‌ മോഷ്ടാവ്‌ അകത്തുകടന്നത്‌. പിൻഭാഗത്തെ ക്യാമറ കമ്പുപയോഗിച്ച്‌ തിരിച്ചുവയ്‌ക്കാൻ ശ്രമിക്കുന്നതും പണവും താക്കോലും ഷെൽഫിൽ നിന്നെടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്‌. ഷോറൂമിലുണ്ടായിരുന്ന ബാഗിൽ പണം നിറച്ച ശേഷം ബുള്ളറ്റുമായി പോവുകയായിരുന്നു. വസ്‌ത്രം മാറ്റി ഷോറൂമിലുണ്ടായിരുന്ന ജീവനക്കാരുടെ ടീഷർട്ട്‌, ഷൂ എന്നിവയും എടുത്തിട്ടുണ്ട്‌. ഉടമയുടെ പരാതിയിൽ പൊലീസ്‌ കേസെടുത്തു. ടൗൺ പൊലീസും വിരലടയാള വിദഗ്‌ധരും ഡോഗ്‌ സ്‌ക്വാഡും തെളിവ്‌ ശേഖരിച്ചു.
Comments

COMMENTS

error: Content is protected !!