ബസുകാരുടെ ക്രൂരതയിൽ വേദനയിൽ പുളഞ്ഞ് നേഹ

കോഴിക്കോട്: “സ്കൂൾ കുട്ടികളെ കയറ്റാതിരിക്കാൻ അവർ എന്നും ചെയ്യാറുള്ളതാ ഇങ്ങനെ, ബസ് നിർത്തിക്കൊടുക്കില്ല, കുട്ടികൾ കയറുമെന്നു തോന്നിയാൽ അപ്പോൾ മുന്നോട്ടെടുക്കും. എന്റെ മോളോടും അവർ അത് തന്നെയാ ചെയ്തത്. അതുകൊണ്ട് എന്റെ മോൾ ഈ അവസ്ഥയിലായി’’- നേഹയുടെ അമ്മ നിഷയുടെ വാക്കുകളിൽ നിറയെ ആ ബസിലെ ജീവനക്കാരോടുള്ള അമർഷമായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ നേഹ അലമുറയിട്ടുകരയുന്ന ശബ്ദം എരഞ്ഞിപ്പാലം സഹകരണ ആശുപത്രി വരാന്തയിലേക്കെത്തി. വേദനകൊണ്ട് പുളയുകയാണ്. കരച്ചിൽ കേട്ടതോടെ അമ്മ ഉടൻ വാർഡിലേക്കോടി.

 

ചൊവാഴ്ച വൈകീട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് നന്മണ്ട ഇല്ലത്തിൽ വടക്കയിൽ ദിലീപ്കുമാറിന്റെ മകൾ നേഹയ്ക്ക് ബസിൽനിന്ന് വീണ് പിൻചക്രം കയറി വലതുകാലിന് ഗുരുതരമായ പരിക്കേറ്റത്. വിദ്യാർഥികൾ കയറാതിരിക്കാൻ സ്റ്റോപ്പിൽ നിർത്താതെ കുറച്ചു മുന്നോട്ടായി പതുക്കെ നിരക്കി നിരക്കിയാണ് ബസെടുത്തിരുന്നത്. ഇതിനിടെയാണ് നേഹ കയറുന്നതും ബസിൽനിന്ന് വീണ് കാലിന് പരിക്കേൽക്കുന്നതും. നാട്ടുകാരുടെ ബഹളം കേട്ട് ഡ്രൈവർ അപ്പോൾത്തന്നെ ഇറങ്ങിയോടി. എല്ലാ ദിവസത്തെയും പോലെ സ്കൂളിൽ പോയ നേഹയെ പിന്നീട് വീട്ടുക്കാർ കാണുന്നത് ആശുപത്രിയിലാണ്.

 

മെഡിക്കൽ കോളേജിൽനിന്ന്‌ ശസ്ത്രക്രിയക്ക് ശേഷം ബന്ധുക്കളുടെ ആവശ്യപ്രകാരം നേഹയെ ബുധനാഴ്ച നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. “നേഹയുടെ വലത് കാലിന് മുട്ടിന്റെ താഴെ മുതൽ കാൽപ്പാദം വരെ നീളമുള്ള തുന്നിവെച്ച മുറിവാണുള്ളത്. ഇതിൽ ഏറിയ ഭാഗവും ദശ പറഞ്ഞിരിക്കുന്ന അവസ്ഥയിലാണ്. അതു കൊണ്ടുതന്നെ ഈ ഭാഗത്തേക്ക് രക്തയോട്ടം കുറയാനും സാധ്യതയുണ്ട്. ഇത് പഴയ രീതിയിലാകാൻ ഒരുപാട് ശസ്ത്രക്രിയകൾ ഇനിയും ആവശ്യമുണ്ട്”- ഡോക്ടർ അറിയിച്ചെന്നും അമ്മ പറയുന്നു. ഇന്നലെവരെ ഓടിച്ചാടി നടന്നിരുന്ന നേഹ ഒരു നിമിഷത്തിന്റെ അശ്രദ്ധ കൊണ്ടു ആശുപത്രിയിലെത്തിച്ചിരിക്കുകയാണ് ബസ് ജീവനക്കാർ. മൂന്നോ നാലോ മാസംകൊണ്ട് മാത്രമേ നേഹയുടെ എല്ലാ ശസ്ത്രക്രിയ പോലും പൂർണമാകുകയുള്ളൂ. അത്രയും കാലത്തെ സ്കൂൾ ജീവിതം പുറത്തിറങ്ങിയുള്ള സന്തോഷം എല്ലാം ഒറ്റയടിക്കാണ് ആ കുട്ടിയിൽ നിന്നും തട്ടിപ്പറിച്ചെടുത്തത്.

 

പരാതി കൊടുക്കാനോ ബസ് അധികൃതർക്കെതിരേ നിയമ പോരാട്ടത്തിന് ഇറങ്ങാനോ ഈ അമ്മയ്ക്ക് സാധിച്ചിട്ടില്ല. നേഹയുടെ അടുത്തുനിന്നും മാറാൻ അവർക്ക് സാധിക്കില്ല. നേഹയെ ആശ്വസിപ്പിക്കാൻ അവർക്കുമാത്രമേ ഇപ്പോൾ സാധിക്കുകയുള്ളൂ. “അച്ഛൻ ഗൾഫിലാണ്. മകൾക്ക് അപകടം പറ്റിയെന്നും നിസ്സാര പരിക്കുണ്ടെന്നും മാത്രമാണ് അറിയിച്ചിരുന്നത്. വ്യാഴാഴ്ചയാണ് കാര്യങ്ങൾ പറഞ്ഞത്. കുറച്ചു സമയം ഫോണിൽ നേഹയോട്‌ അച്ഛൻ സംസാരിച്ചുട്ടുണ്ട്. അതവൾക്ക് ഏറെ ആശ്വാസകരവുമായിട്ടുണ്ട്”-ബന്ധുക്കൾ പറയുന്നു. നേഹയുടെ അപകടത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. അമ്മ നിഷയിൽനിന്നാണ് മൊഴിയെടുത്തിട്ടുള്ളത്. കളക്ടർക്ക് ഉടൻ പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു.
Comments

COMMENTS

error: Content is protected !!