അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനം : ജനപങ്കാളിത്തത്തോടെ സൗത്ത് ബീച്ച് ശുചീകരിച്ചു

കോഴിക്കോട്‌  :ഒന്നും രണ്ടുമല്ല, മാലിന്യംനിറഞ്ഞ സൗത്ത്‌ ബീച്ച്‌  ശുചിയാക്കാൻ 400 പേരാണ്‌ കൈകോർത്തത്. 450 ചാക്ക്‌ അജൈവമാലിന്യവും നീക്കം ചെയ്‌തു. അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തോടനുബന്ധിച്ചാണ്‌ ബഹുജന പങ്കാളിത്തത്തോടെ ശുചീകരണം നടത്തിയത്‌.
രാവിലെ 7.30ന്  കോർപറേഷൻ കാര്യാലയത്തിന്‌ സമീപത്തുനിന്നാണ്‌ ശുചീകരണം ആരംഭിച്ചത്‌. കാപ്പാട് ബീച്ചിൽ നിന്നെത്തിച്ച ബരാക്കുഡ മെഷീന്റെ സഹായത്തോടെയായിരുന്നു ശുചീകരണം. നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചും  ക്ലീൻ ബീച്ച് മിഷനും കോർപറേഷനും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.   ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം’ എന്ന മുദ്രാവാക്യത്തോടെ വിദ്യാർഥികൾ റാലി നടത്തി. ബോധവത്കരണ പരിപാടികളും നടന്നു.
എൻഎസ്എസ് വളന്റിയർമാർ, ദേശീയ ഹരിതസേനയിലെ അംഗങ്ങൾ, പൃഥ്വി റൂട്ട്, കോർപറേഷൻ ശുചീകരണ തൊഴിലാളികൾ, കോസ്റ്റൽ എക്സ് സർവീസ് മെൻ സൊസൈറ്റി, ദർശനം സാംസ്‌കാരിക വേദി തുടങ്ങിയ സംഘടനകൾ പങ്കുചേർന്നു.
മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. കലക്ടർ സാംബശിവറാവു അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ മീര ദർശക്, ആരോഗ്യ സമിതി അധ്യക്ഷൻ കെ വി ബാബുരാജ്, കോർപറേഷൻ ഹെൽത്ത് ഓഫീസർ ഡോ. ആർ എസ് ഗോപകുമാർ, എനർജി മാനേജ്മെന്റ്‌ സെന്റർ ജില്ലാ കോർഡിനേറ്റർ ഡോ. എൻ സിജേഷ്, ദേശീയ ഹരിതസേന ജില്ലാ കോർഡിനേറ്റർ എം എ ജോൺസൺ, പി രമേഷ് ബാബു, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ  കെ റിഷാദ്, കെ ബൈജു, ഡോ. മുഹമ്മദ്‌ ഷെഫീർ എന്നിവർ നേതൃത്വം നൽകി.
Comments

COMMENTS

error: Content is protected !!