‘പാസ്‌വേർഡ് ’കിട്ടി; ഷഹന രാഷ്‌ട്രപതിയെ കാണും

മുക്കം :രാഷ്ട്രപതിയെ കാണാനും സംവദിക്കാനും അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ്  ഷഹന ജാസ്മിൻ. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ  “പാസ്‌വേർഡ് ’ പരിപാടിയിലൂടെയാണ്‌ ഷഹനയുടെ സ്വപ്‌നം പൂവണിയുന്നത്‌. ഒരാഴ്‌ച നീളുന്ന  “എക്സ്‌പ്ലോറിങ്‌  ഇന്ത്യ’ കരിയർ ടൂറിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷഹന നവംബറിൽ  ഡൽഹിയിലേക്ക്‌ തിരിക്കും.  കൂമ്പാറ മർകസ് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിനിയാണ്‌ ഈ മിടുക്കി.
സ്കൂൾ  തലത്തിലെ ട്യൂണിങ് ക്യാമ്പ്,  ജില്ലാതലത്തിലെ  ഫ്ലവറിങ്‌ ക്യാമ്പ് എന്നിവയിലൂടെയാണ്‌  ഷഹന തെരഞ്ഞെടുക്കപ്പെട്ടത്‌.  സംസ്ഥാനത്തുനിന്ന്‌ നൂറ്‌ വിദ്യാർഥികൾക്കാണ്‌ ഇതിൽ പങ്കാളിത്തം നൽകുന്നത്‌.  ടൂറിന്റെ ഭാഗമായി  രാഷ്ട്രപതിഭവനിൽ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തും.  പാർലമെന്റ് മന്ദിരം, ഡൽഹിയിലെ വിവിധ യൂണിവേഴ്സിറ്റികൾ, ചരിത്ര പ്രാധാന്യമുള്ള കേന്ദ്രങ്ങളിലെ സന്ദർശനം, പ്രമുഖരുമായുള്ള കൂടിക്കാഴ്ച  എന്നിവയും ഈ പരിപാടിയിലുണ്ട്‌.
മലയോര മേഖലയായ കൂമ്പാറയിൽനിന്നും ഇന്ത്യക്ക് അകത്തും പുറത്തുമുള്ള മികച്ച   കലാലയങ്ങളിൽ പഠിക്കാനും ഉയർന്ന ജോലികൾ കരസ്ഥമാക്കാനും ഉതകുന്ന നൈപുണി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കരിയർ ഗൈഡൻസ് ക്ലബ്ബിന്റെ  ഇടപെടലുകളാണ് ഷഹനക്ക്  എക്സ്പ്ലോറിങ് ഇന്ത്യയിലേക്ക് അവസരം ഒരുക്കിയത്.
കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം മൈസൂർപറ്റ കുഞ്ഞി മുഹമ്മദിന്റെയും കദീജയുടെയും മകളാണ് ഷഹന ജാസ്മിൻ. എൻഎസ്എസ് വളന്റിയർ കൂടിയായ ഷഹനയെ   സ്‌കൂളിൽ അനുമോദിച്ചു.
ഡയറക്ടർ ഡോ. എം എ എച്ച് അസ്ഹരി  ഷഹന ജാസ്മിനെ അനുമോദിച്ചു. പ്രിൻസിപ്പൽ കെ അബ്ദുൾനാസർ ചെറുവാടി, പ്രധാനാധ്യാപകൻ നിയാസ് ചോല,  കരിയർ ഗൈഡൻസ് യൂണിറ്റ് കോ- ഓർഡിനേറ്റർ നാസർ കുന്നുമ്മൽ, സീനിയർ അസിസ്റ്റന്റ് കെ അഷ്‌റഫ്, സ്റ്റാഫ് സെക്രട്ടറി കെ എച്ച്  ഷംസു എന്നിവർ സംസാരിച്ചു.
Comments

COMMENTS

error: Content is protected !!