കോരപ്പുഴ-പാവങ്ങാട് റോഡ് നവീകരണപ്രവൃത്തി

എലത്തൂർ: കോരപ്പുഴയിൽ പുതിയപാലം നിർമിക്കുന്നതിന്റെ ഭാഗമായി കോരപ്പുഴമുതൽ പാവങ്ങാട് വരെ റോഡ് വീതികൂട്ടി നടപ്പാത നിർമിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നതിനിടെ എതിർപ്പുമായി വ്യാപാരികൾ. റോഡിന്റെ ഇരുവശങ്ങളിലും ഒന്നരമീറ്റർ വീതിയിൽ കൈവരികൾ ഉള്ള നടപ്പാത നിർമിക്കുന്നതാണ് വ്യാപാരികളെ ആശങ്കയിലാക്കുന്നത്. ഇങ്ങനെയാണ് നിർമാണമെങ്കിൽ റോഡരികിൽ വാഹനങ്ങൾ നിർത്തി ചരക്ക് ഇറക്കാനോ കടകളിൽനിന്ന് സാധനങ്ങൾ വാങ്ങാനോ കഴിയാത്ത സാഹചര്യം വന്നുചേരുമെന്നും വ്യാപാരികൾ പറയുന്നു.

 

റോഡിന് വീതികൂടിയ ഭാഗത്തെങ്കിലും വാഹനങ്ങൾക്ക് പാർക്കിങ്ങിന് സൗകര്യം ഉണ്ടാക്കിയില്ലെങ്കിൽ കച്ചവടസ്ഥാപനങ്ങൾ പൂട്ടേണ്ടിവരുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഓവുചാലിനു മുകളിലൂടെയാണ് കൈവരികൾ ഉള്ള നടപ്പാത നിർമിക്കുന്നതെങ്കിൽ റോഡിന് വീതി വർധിക്കുകയും വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ലഭിക്കുമെന്നും ഇവർ പറയുന്നു. റോഡിന്റെ ഇരുവശങ്ങളിലും ഓവുചാലും ഇതുകൂടാതെ നടപ്പാതയും നിർമിക്കുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. അപകട സാധ്യതയുള്ളയിടങ്ങളിൽ മാത്രമാണ് റോഡിന് വീതി കൂട്ടുന്നത്.

 

എട്ടുകോടി രൂപയാണ് ഓവുചാൽ ഉൾപ്പെടെ നടപ്പാത നിർമാണത്തിനും റോഡ്‌ വീതി കൂട്ടുന്നതിനുമായി അനുവദിച്ചത്. കോരപ്പുഴപ്പാലം തുറന്നുകൊടുക്കുന്ന മുറയ്ക്ക് തന്നെ റോഡിന്റെ പ്രവൃത്തിയും പൂർത്തിയാക്കാനാണ് ലക്ഷ്യം. ഒരുവർഷംകൊണ്ട് പണി പൂർത്തീകരിക്കുമെന്ന് നിർമാണം തുടങ്ങുന്നഘട്ടത്തിൽ അറിയിച്ചിരുന്നു. ഓരോ കിലോമീറ്റർ ദൂരത്തിലും ബസ് കാത്തിരിപ്പുകേന്ദ്രം ഉൾപ്പെടെ നിർമിക്കാനുള്ള പദ്ധതിയുടെ പ്ലാൻ ആണ് പൊതുമരാമത്ത് വകുപ്പ് ഡിസൈൻവിഭാഗം രൂപകല്പന ചെയ്തത്. നാഥ് കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്തത്.

 

വ്യാപാരികളുടെ ആശങ്കയകറ്റണം -ഏകോപനസമിതി

 

വ്യാപാരികളുടെ ആശങ്ക അകറ്റാൻ ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെടണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി എലത്തൂർ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. കച്ചവടസ്ഥാപനങ്ങളിൽനിന്ന് ചരക്കുകൾ ഇറക്കാൻപോലും കഴിയാത്ത തരത്തിലാണ് നടപ്പാതയുടെ നിർമാണം പുരോഗമിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. എസ്.എം. ഗഫൂർ അധ്യക്ഷനായി. ടി.പി. ജയപ്രകാശ്, ടി.പി. ആനന്ദകൃഷ്ണൻ , ശരത്, ശിഹാബ് എന്നിവർ സംസാരിച്ചു.
Comments

COMMENTS

error: Content is protected !!