ആദ്യ തെളിവെടുപ്പ് മൂന്നുപേരെ കൊന്ന പൊന്നാമറ്റത്ത്; കൂവി വിളിച്ച് നാട്ടുകാർ

കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വൻസുരക്ഷാ സന്നാഹങ്ങളോടെയാണ് ജോളിയെ എത്തിച്ചത്. പ്രദേശത്ത് തടിച്ചുകൂടിയ നാട്ടുകാർ കൂവിവിളിച്ചു.

വീടിന്റെ പരിസരത്തുണ്ടായിരുന്നവരെ പൊലീസ് മാറ്റി. ജോളിക്കൊപ്പം എ.എസ്. മാത്യൂവിനെയും പൊന്നാമറ്റത്ത് എത്തിച്ചിരുന്നു. പൊലീസിനൊപ്പം ഫോറൻസിക് വിദഗ്ധരും എത്തിയാണ് തെളിവെടുപ്പ് നടത്തിയത്. ഷാജുവിന്റെ വീട്ടിലും കൊല്ലപ്പെട്ട മാത്യു മഞ്ചാടിയലിന്റെ വീട്ടിലും ജോളിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും.

 

ടോംജോസ്, അന്നാമ്മ, ജോളിയുടെ ഭർത്താവ് റോയി എന്നിവര്‍ കൊലചെയ്യപ്പെട്ടത് പൊന്നാമറ്റം വീട്ടിൽ വച്ചാണ്. ടോം ജോസിനും റോയിക്കും സിലിക്കും സയനൈഡ് നൽകിയാണ് കൊന്നതെന്ന് ജോളി പൊലീസിനു മൊഴി നൽകിയിരുന്നു. അന്നമ്മയ്ക്കു നൽകിയത് കീടനാശിനിയാണെന്നും സിലിയുടെ കുഞ്ഞിനു സയനൈഡ് നൽകിയത് ഓർമയില്ലെന്നും ജോളി പൊലീസിന് മൊഴി നൽകിയിരുന്നു.

 

കൂടത്തായിയിൽ ശാസാത്രീയമായ തെളിവു ശേഖരണമാണു നടക്കുന്നതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഫോറൻസിക് സംഘവുമായി ആശയവിനിമയം നടക്കുന്നുണ്ട്. അന്വേഷണം വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നാളെയോ മറ്റന്നാളോ ലോക്നാഥ് ബെഹ്റ കൂടത്തായിയിലെത്തും.
Comments

COMMENTS

error: Content is protected !!