വ്യാപാരസമുച്ചയം നിർമിക്കാൻ കൊയിലാണ്ടി പഴയ സ്റ്റാൻഡ്‌ പൊളിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു

കൊയിലാണ്ടി : കൊയിലാണ്ടിയിലെ പഴയ ബസ്‌സ്‌റ്റാൻഡ്‌ കെട്ടിടം പൊളിച്ചുമാറ്റുന്ന പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു. കെട്ടിടത്തിന്റെ മുകൾഭാഗം പൊളിച്ചുനീക്കി. അടിഭാഗമാണ് ഇനി അവശേഷിക്കുന്നത്. പൊളിച്ചുനീക്കുന്ന സാധനങ്ങൾ നഗരസഭയുടെ പ്രവൃത്തി നടക്കുന്ന ചില സ്ഥലങ്ങളിലാണ് ശേഖരിച്ചുവെക്കുന്നതെന്ന് നഗരസഭാ ചെയർമാൻ കെ. സത്യൻ പറഞ്ഞു.

 

പഴയ സ്റ്റാന്റ് പൊളിച്ചുമാറ്റുന്ന അതേസ്ഥാനത്ത് അഞ്ചുനിലകളിൽ വ്യാപാരസമുച്ചയം നിർമിക്കും. 20 കോടി രൂപ ചെലവിലാണ് അഞ്ചുനിലകളിൽ പുതിയ ഷോപ്പിങ്‌ കോംപ്ലക്‌സ് സമുച്ചയം നിർമിക്കുന്നത്. 1983 -ൽ നിർമിച്ച പഴയ സ്റ്റാൻഡ്‌ 36 വർഷം പൂർത്തിയാകുമ്പോഴാണ് പൊളിച്ചുനീക്കുന്നത്. ചോർച്ചകാരണം പഴയ കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചിരുന്നു. ഈ കെട്ടിടത്തിലെ വ്യാപാരസ്ഥാപനങ്ങളെയെല്ലാം രണ്ടുവർഷം മുമ്പെ ഒഴിപ്പിച്ചിരുന്നു.

 

ദേശീയപാതയോടുചേർന്ന് നിർമിക്കുന്ന വ്യാപാരസമുച്ചയത്തിൽ വിശാലമായ ബസ്ബേയും അതിന് പടിഞ്ഞാറുവശമായി കെട്ടിടസമുച്ചയവും ഉയരും. 5966 സ്‌ക്വയർ മീറ്ററിൽ നിർമിക്കുന്ന കെട്ടിടത്തിൽ 54 കടമുറികൾ, ആർട് ഗാലറി, ഓഫീസ് സൗകര്യം, എക്‌സിബിഷൻ ഏരിയ, ആംഫി തിയേറ്റർ, കോൺഫറൻസ് ഹാൾ, ഷോപ്പിങ്ങ് മാൾ, നഗരസഭയുടെ അനക്‌സ് ഓഫീസ്, മിനി കോൺഫറൻസ് ഹാൾ എന്നിവയും ഉണ്ടാകും.

 

പുതിയ കെട്ടിടത്തിൽ അണ്ടർഗ്രൗണ്ടിൽ നൂറ് കാറുകൾ നിർത്തിയിടാനുളള പാർക്കിങ് സൗകര്യം ഉണ്ടാകും. സാമ്പത്തികമായി പ്രയാസപ്പെടുന്ന കൊയിലാണ്ടി നഗരസഭയ്ക്ക്‌ പ്രതിവർഷം ഒരുകോടി രൂപ അധികവരുമാനവും 20 കോടി രൂപ നിക്ഷേപവും ഈ വ്യാപാരസമുച്ചയം നിർമിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതായി ചെയർമാൻ പറഞ്ഞു. കെ.യു.ആർ.ഡി.എഫ്. സിയെന്ന സംസ്ഥാന സർക്കാർ ധനകാര്യസ്ഥാപനത്തിൽ നിന്നാണ് കെട്ടിടനിർമാണത്തിനുളള ഫണ്ട് ലഭ്യമാക്കിയത്.
Comments

COMMENTS

error: Content is protected !!