Download WordPress Themes, Happy Birthday Wishes

കേരളത്തെ കാത്തിരിക്കുന്ന പകർച്ചപ്പനികൾ

എല്ലാവർഷവും മഴക്കാലമെത്തുന്നതോടെ കേരളത്തിൽ ഏതെങ്കിലും പകർച്ചപ്പനികൾ പടർന്നു പിടിക്കുന്നുണ്ട്. വൈറൽ പനി, ഡെങ്കിപ്പനി, മലേറിയ തുടങ്ങി പലതും. 2007–ൽ ആദ്യ മായാണ് ചിക്കുൻഗുനിയ കേരളത്തിലെ പല ജില്ലകളിലെയും പതിനായിരങ്ങളെ ഒറ്റയടിക്ക് ബാധിച്ചത്. അതിന്റെ രോഗാതുര ഇന്നും പലരിലും നില നിൽക്കുന്നുണ്ട്. 2018–ൽ കേരളത്തിൽ ആദ്യമായി എത്തിയ അപൂർവവും മാരകവുമായ നിപ്പാ വൈറസ് ബാധയുണ്ടായ 18 പേരിൽ 16 പേരും മരിച്ചു. 2019–ൽ വീണ്ടും കൊച്ചിയിൽ നിപ്പ എത്തി. ഇനിയും നിപ്പാ വൈറസ് എപ്പോൾ വേണമെങ്കിലും വരാം. ബംഗ്ലാദേശിൽ നിരവധി തവണയാണ് നിപ്പ പൊട്ടി പുറപ്പെട്ടത്. മലേഷ്യയിലും ബംഗ്ലാദേശിലും അടുത്തകാലത്ത് കണ്ടുവന്നിരുന്ന ഈ മൃഗജന്യമായ വൈറസിന് നമ്മുടെ നാട്ടിലേക്ക് കടന്നുവരാൻ കഴിയുമെങ്കിൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ വിനാശകാരികളായി നടക്കുന്ന രോഗാണുക്കൾക്കും ഭാവിയില്‍ ഇവിടേക്കു വ്യാപിക്കാം എന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

 

ഇതുകൂടാതെ അടുത്ത കാലം വരെ നാം നന്നായി നിയന്ത്രിച്ചു നിർത്തിയിരുന്ന പല രോഗങ്ങളും പതിവിലും കരുത്തു നേടി ഇന്ന് തിരിച്ചു വരവിന് ശ്രമിക്കുന്നുണ്ട്. ഉദാ: മലേറിയ, കോളറ, ഡിഫ്ത്തീരിയ.

 

പുതിയ പകർച്ചപ്പനികൾ

 

ഇന്ത്യയിലെതന്നെ മറ്റു സംസ്ഥാനങ്ങളിലും അതുപോലെ വിദേശരാജ്യങ്ങളിലും ഉണ്ടാവുന്ന പല പകർച്ചപ്പനികളും കേരളത്തിലും വന്നെത്താം. വർധിച്ചുവരുന്ന വിദേശയാത്രകളും വൃത്തിഹീനമായ നമ്മുടെ പരിസരങ്ങളും വനനശീകരണവും കാലാവസ്ഥാ വ്യതിയാനങ്ങളുമെല്ലാം അതിനുകാരണമാവാം.

 

ജപ്പാൻജ്വരം (ജാപ്പനിസ് എന്‍കഫലൈറ്റിസ്)

 

എൻകഫലൈറ്റിസ് വൈറസുകൾ ശരീരത്തിൽ പ്രവേശിച്ച് തലച്ചോറിനെ ബാധിക്കുന്നു. ഈ രോഗം ക്യൂലക്സ് വിഭാഗത്തിൽ പെട്ട കൊതുകുകളാണ് പരത്തുന്നത്. ഇന്ത്യയിൽ ഉത്തരകിഴക്കൻ മേഖലകളിൽ അടുത്ത കാലത്ത് കുട്ടികളെ ബാധിച്ച് നൂറു കണക്കിന് കുട്ടികൾ മരിച്ചതായുള്ള വാർത്ത ഭീതിയോടെയാണ് കേരളവും ശ്രദ്ധിച്ചത്. കേരളത്തിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അത് വ്യാപകമായിട്ടില്ല. പക്ഷേ, ഇത് കൊതുകു പരത്തുന്ന പനി ആയതിനാലും കൊതുകിന്റെ സാന്ദ്രത കേരളത്തിൽ കൂടുതലാണ് എന്നതും ആശങ്കയുളവാക്കുന്ന കാര്യമാണ്. അതായത് രോഗാണുക്കൾ വന്നെത്താനും രോഗം വ്യാപിക്കാനുമുള്ള സാഹചര്യം കേരളത്തിൽ നിലനിൽക്കുന്നു.

 

മഞ്ഞപ്പനി (Yellow fever)

 

കേരളത്തിൽ ഇതേവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പക്ഷേ, ഈഡിസ് വർഗത്തിൽപെട്ട കൊതുകുകൾ പരത്തുന്ന രോഗമായതിനാൽ കേരളത്തിലും ഉണ്ടാവാൻ സാധ്യതയുണ്ട്. വളരെ മാരകമായ ഈ പകർച്ചപ്പനി, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ പടർന്നു പിടിച്ചിട്ടുണ്ട്. രോഗകാരണമായ വൈറസ് കരളിനെ ബാധിച്ച് ശരീരത്തിന് മഞ്ഞനിറം വരുന്നതിനാലാണ് മഞ്ഞപ്പനിയെന്ന് വിളിക്കുന്നത്. മഞ്ഞപ്പനി കേരളത്തിൽ എത്തിയാൽ 80 ശതമാനം ആൾക്കാരും മരണമടയാൻ സാധ്യതയുണ്ടത്രേ!

 

വെസ്റ്റ് നൈൽ പനി

 

വൈറസുകളുണ്ടാക്കുന്ന മാരകമായ പനിയാണിത്; കൊതുകു പരത്തുന്ന ഈ പനി മനുഷ്യരെ മാത്രമല്ല, പക്ഷികളെയും കുതിരകളെയും മറ്റും ബാധിക്കും. മഞ്ഞപ്പനിക്ക് പ്രതിരോധ കുത്തിവയ്പ് ലഭ്യമാണ്. പക്ഷേ, വെസ്റ്റ് നൈൽ പനിക്ക് പ്രതിരോധ മരുന്നുകൾ ലഭ്യമല്ല.

Leave a Reply

Your email address will not be published. Required fields are marked *

*