കൂമുള്ളിയിൽ കാറും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്

അത്തോളി: കൂമുള്ളി വായനശാലയ്ക്കടുത്ത് കാറും ബൈക്കും സ്കൂട്ടറും ഇടിച്ചുള്ള അപകടത്തിൽ കാറിലുണ്ടായ നാലുപേരുൾപ്പെടെ ആറ്പേർക്ക് പരിക്കേറ്റു.

 

പരിക്കേറ്റവരെ ആദ്യം മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിലും പിന്നിട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടര മണിയോടെ പാവങ്ങാട്-കുറ്റ്യാടി സംസ്ഥാന പാതയിൽ കൂമുള്ളി വായനശാലയ്ക്കു മുന്നിലാണ് അപകടം. അപകടത്തിൽ കാർ തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന മലപ്പുറം കോട്ടയ്ക്കലിലെ അബ്ദുൾ സമദ് (48), ഭാര്യ ആയിഷ (42), മക്കളായ ജിഷാഫ് (12), ജിയാഫ് (19) എന്നിവർക്കും സ്കൂട്ടറിൽ യാത്രചെയ്ത പേരാമ്പ്ര കൈതക്കലിലെ സമീം (20), അമീൻ (16) എന്നിവർക്കുമാണ് പരിക്ക്. ബൈക്ക് യാത്രക്കാരൻ നിർമല്ലൂരിലെ പ്രവീൺ (38) പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

 

ഇരുചക്രവാഹനങ്ങളിലെ യാത്രക്കാർ അത്തോളി ഭാഗത്തേക്കും കാറിലുണ്ടായിരുന്നവർ മലബാർ മെഡിക്കൽകോളേജിലേക്കും പോവുകയായിരുന്നു. ഈ കോളേജിലെ മെഡിക്കൽ വിദ്യാർഥിനിയായ മകളെ കാണാൻ എത്തിയ കുടുംബം കോളേജിന് ഇരുനൂറ് മീറ്റർ അകലെവെച്ചാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അത്തോളി പോലീസ് സ്ഥലത്തെത്തി ആവശ്യമായ ക്രമീകരണങ്ങൾ നടത്തി. കൂമുള്ളി മുതൽ മൊടക്കല്ലൂർവരെ സംസ്ഥാന പാതയിൽ നിരന്തരമായി വാഹനങ്ങൾ അപകടത്തിൽ പ്പെടുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്. വലിയ വളവുകളും ഇറക്കങ്ങളുമാണ് ഇവിടെ അപകടസാധ്യത ഉണ്ടാക്കുന്നത്.
Comments

COMMENTS

error: Content is protected !!